വൈദ്യുതി പ്രതിസന്ധി പരിഹരിക്കാതെ ജനങ്ങളെ ഇരുട്ടിലേക്ക് തള്ളിവിടുന്നു; പവർകട്ടിനെതിരെ മെഴുകുതിരി പ്രതിഷേധവുമായി സിപിഐഎം

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാതെ ജനങ്ങളെ ഇരുട്ടിലേക്ക് തള്ളിവിട്ട യുഡിഎഫ് സർക്കാരിനെതിരെ സംസ്ഥാന വ്യാപകമായി മെഴുകുതിരി കത്തിച്ച് പ്രതിഷേധവുമായി സിപിഐഎം. സംസ്ഥാനത്തെ എല്ലാ ലോക്കൽ കമ്മിറ്റികളിലും വീടുകളിലുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പവർ കട്ടിനെതിരെ എകെജി സെന്ററിൽ നടന്ന മെഴുകുതിരി പ്രതിഷേധത്തിൽ ഇ പി ജയരാജൻ പങ്കെടുത്തു. ചങ്ങനാശ്ശേരിയിലെ നടന്ന പ്രതിഷേധത്തിൽ എംഎ ബേബിയും ഭാഗമായി. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലാണ് ഇന്ന് സിപിഐഎമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്.
ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധി യുഡിഎഫ് സർക്കാരിന്റെ സൃഷ്ടിയാണെന്ന് സിപിഐഎം പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കൊണ്ട് വ്യക്തമാക്കിയിരുന്നു. വൈദ്യുതി വാങ്ങലുൾപ്പെടെ ആവശ്യമായ ക്രമീകരണം നടത്തേണ്ട സമയത്ത് തമ്മിലടിയും കോലം കത്തിക്കലുമായിരുന്നു യുഡിഎഫിന്റെ പണി. മഴ പെയ്യാൻ പ്രാർഥിക്കാനാണ് മന്ത്രി ജനങ്ങളോട് അഭ്യർഥിച്ചത്. 10 വർഷമായി കേരളത്തിൽ പവർക്കട്ടില്ലാതിരുന്നത് എൽഡിഎഫ് സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിലാണ്.




