Uncategorized

ജൂൺ 15-ന് പ്രവർത്തനം തുടങ്ങി, പക്ഷെ എതിർപ്പുമായി നാട്ടുകാർ രംഗത്തെത്തി; അഞ്ചാം ക്ലാസുകാരിയുടെ കത്ത് ഫലം കണ്ടു; മാറാടിയിലെ കള്ളുഷാപ്പ് പൂട്ടി

മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ദൂരപരിധി പാലിക്കാതെ പ്രവർത്തിച്ചിരുന്ന കള്ളുഷാപ്പ് എക്സൈസ് പൂട്ടിച്ചു. നിയമങ്ങൾ ലംഘിച്ചാണ് ഷാപ്പിന് അനുമതി നൽകിയതെന്ന കണ്ടെത്തലിനെ തുടർന്ന് എക്സൈസ് കമ്മിഷണറാണ് പ്രവർത്തനം അടിയന്തരമായി അവസാനിപ്പിക്കാൻ ഉത്തരവിട്ടത്. എന്നാൽ, നിയമങ്ങൾ പൂർണ്ണമായി പാലിച്ച് മറ്റൊരു സ്ഥലത്തേക്ക് ഷാപ്പ് മാറ്റി സ്ഥാപിക്കാൻ ലൈസൻസിക്ക് അനുമതി നൽകിയിട്ടുണ്ട്.

മാത്യു കുഴൽനാടൻ എംഎൽഎയും മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഷാന്റി എബ്രഹാമും എക്സൈസ് മന്ത്രിക്ക് നൽകിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. കള്ളുഷാപ്പ് ജനവാസ മേഖലയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് അഞ്ചാം ക്ലാസ് വിദ്യാർഥിനി മുഖ്യമന്ത്രിക്ക് കത്തയച്ചത് വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കഴിഞ്ഞ ജൂൺ 15നാണ് ഈ ഷാപ്പ് പ്രവർത്തനം ആരംഭിച്ചത്. ഉത്തരവ് ഉടനടി നടപ്പാക്കാൻ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ഷാപ്പ് തുറന്നതു മുതൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നാട്ടുകാർ കഴിഞ്ഞ 30 ദിവസമായി കടുത്ത സമരത്തിലായിരുന്നു. ഒരു പെന്തിക്കോസ്ത് സഭയുടെ പ്രാർഥനാ കേന്ദ്രവും സെറ്റിൽമെന്റ് കോളനിയും ഷാപ്പിന്റെ ദൂര പരിധിക്കുള്ളിലാണെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ നടത്തിയ പരിശോധനാ റിപ്പോർട്ടിലും വ്യക്തമായിരുന്നു. ഇതാണ് ഷാപ്പ് പൂട്ടിക്കാനുള്ള നടപടികളിലേക്ക് എക്സൈസ് വകുപ്പിനെ നയിച്ചത്.

അതേസമയം, ഷാപ്പ് ലൈസൻസ് ലഭിക്കാൻ വ്യാജ രേഖ ഉപയോഗിച്ചെന്ന പരാതിയിൽ വിശദമായ അന്വേഷണം നടത്താൻ എക്സൈസ് മന്ത്രി ഉത്തരവിട്ടു. കോൺഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സാബു ജോണിന്റെ നേതൃത്വത്തിൽ നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. പരാതിയിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button