തെലങ്കാനയെ നടുക്കി കൂട്ടക്കൊല; ലൈംഗികാരോപണം ഉന്നയിച്ച കൗമാരക്കാരിയെയും കുടുംബത്തെയും കൊലപ്പെടുത്തി, ശേഷം തന്റെ കുടുംബത്തെയും കുത്തിക്കൊന്ന് യുവാവ്

ഹൈദരാബാദ്: ഭാര്യയെയും മക്കളെയും കൂട്ടക്കൊല ചെയ്ത് 35-കാരന്‍. തനിക്കെതിരായ ലൈംഗിക പീഡന പരാതി നല്‍കിയ കൗമാരക്കാരിയെ കൊലപ്പെടുത്തിയ ശേഷമാണ് ഈ കൂട്ടക്കുരുതി. പുറമെ, കൗമാരക്കാരിയുടെ അമ്മയെയും മുത്തശ്ശിയെയും കൊലപ്പെടുത്തി. തെലങ്കാനയിലെ രംഗറെഡ്ഡിയിലാണ് മനുഷ്യമനസാക്ഷിയെ പിടിച്ചുലയ്ക്കുന്ന സംഭവം. പ്രതിയായ രാജ്കുമാര്‍ ഒളിവിലാണ്.30-കാരിയായ ഭാര്യ പാര്‍വതി സരിതയെയും നാലും ഒന്നും പ്രായമുള്ള രണ്ട് ആണ്‍മക്കളെയും പുറമെ 17-കാരിയെയും ഈ പെണ്‍കുട്ടിയുടെ കുടുംബത്തെയുമാണ് രാജ്കുമാര്‍ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി ഷാബാദിലെ തന്റെ വസതിയില്‍വച്ചാണ് കുടുംബാംഗങ്ങളെ കൊന്നൊടുക്കിയത്.
മെയ് 16നാണ് കൗമാരക്കാരി യുവാവിനെതിരെ പോക്‌സോ കേസ് നല്‍കിയത്. പരോളില്‍ ഇറങ്ങിയ ശേഷം വൈരാഗ്യത്തില്‍, പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും തുടര്‍ന്ന് കാറില്‍ കയറ്റി ആള്‍ത്താമസമില്ലാത്ത പ്രദേശത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയുമായിരുന്നു. പെണ്‍കുട്ടിയുടെ 45 വയസുള്ള അമ്മയെയും 65കാരിയായ അമ്മൂമ്മയെയും കൊലപ്പെടുത്തിയെങ്കിലും ഭിന്നശേഷിക്കാരിയായ 20 വയസുള്ള സഹോദരിയെ ഒന്നും ചെയ്തില്ല. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിയുടെ സഹോദരി ഇവരുടെ വീട്ടില്‍ ഉണ്ടായിരുന്നു.
സംഭവത്തിനു ശേഷം പ്രതി തന്റെ പിതാവിനെ വിളിച്ച് കൊലപാതക വിവരങ്ങള്‍ അറിയിച്ച ശേഷം താന്‍ ജീവനൊടുക്കാന്‍ പോകുകയാണെന്ന് അറിയിച്ചു. ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലാണെങ്കിലും ഇയാളുടെ മരണം സ്ഥിരീകരിച്ചിട്ടില്ല. പ്രതി നിലവില്‍ ഒളിവിലാണെന്നാണ് വിവരം. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.




