Uncategorized

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ മലക്കം മറിഞ്ഞ് സിപിഐഎം; എതിരല്ല, സർക്കാർ അറിയാത്തതാണ് പ്രശ്‌നമെന്ന് നേതാക്കൾ

തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ മലക്കം മറിഞ്ഞ് സിപിഐഎം. കുത്തകകളെ സഹായിക്കാനെന്ന നിലപാടില്‍ നിന്ന് സിപിഐഎം പിന്നോട്ട്. പ്രതിപക്ഷ നേതാവിന്റെ മൊണോപ്പൊളി വാദം നേതാക്കള്‍ ഉപേക്ഷിച്ചു. അദാനി- എംഎസ്‌സി ഓഹരി കൈമാറ്റത്തിന് എതിരല്ലെന്നും സര്‍ക്കാര്‍ അറിയാത്തതാണ് പ്രശ്‌നമെന്നും നേതാക്കള്‍ പറയുന്നു. വിഴിഞ്ഞത്ത് സിപിഐഎമ്മില്‍ ഭിന്നതയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടിക്ക് ഒറ്റ അഭിപ്രായം മാത്രമേ ഉളളുവെന്നും അദാനിയുമായുളള ഡീലില്‍ രാഹുല്‍ ഗാന്ധിയുള്‍പ്പെടെ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘വിഴിഞ്ഞത്തില്‍ സിപിഐഎമ്മിന് രണ്ട് അഭിപ്രായമില്ല. അദാനിയുമായുളള ഇടപാടില്‍ രാഹുല്‍ ഗാന്ധിയടക്കം മറുപടി പറയണം. എംഎസ്‌സിയുമായുളള ചര്‍ച്ചയ്ക്ക് എതിരല്ല. പക്ഷെ സര്‍ക്കാര്‍ അനുമതി വേണമായിരുന്നു. ഓഹരി കൈമാറ്റം നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞാല്‍ പോര’, എം വി ഗോവിന്ദന്‍ പറഞ്ഞു.

വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ എതിര്‍പ്പില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാര്‍ അറിയാതെ ഓഹരി കൈമാറ്റം പാടില്ലെന്നും വിഷയത്തില്‍ സിപിഐഎമ്മിന് രണ്ട് അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘വിഴിഞ്ഞം കേരളത്തിന്റെ പുരോഗതിയ്ക്ക് നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. അത് പൊതുമേഖലയുടെ പൊതുനിയന്ത്രണത്തില്‍ നിലനിര്‍ത്തണം. അതില്‍ വ്യത്യസ്ത സമീപനങ്ങള്‍ വന്നപ്പോള്‍ ആ സര്‍ക്കാര്‍ നിലപാടുകളെയാണ് വിമര്‍ശിച്ചത്. ഒരു കമ്പനിക്കും ഓഹരി നല്‍കാന്‍ പാടില്ലെന്ന നിലപാട് പാര്‍ട്ടിക്കില്ല. എന്നാല്‍ അത്തരമൊരു കൈമാറ്റം നടക്കുമ്പോള്‍ അത് സര്‍ക്കാരിന്റെ പൂര്‍ണമായ അറിവോടും അനുവാദത്തോടും കൂടി ആയിരിക്കണം എന്നതാണ് വ്യവസ്ഥ. അതിന് വിരുദ്ധമായ ചില നീക്കങ്ങള്‍ നടന്നപ്പോഴാണ് അതിനെ എതിര്‍ക്കാനും അത് ജനങ്ങള്‍ക്കിടയില്‍ തുറന്നുകാണിക്കാനുമുളള നിലപാട് പാര്‍ട്ടി സ്വീകരിച്ചത്’, ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

ഓഹരി കൈമാറ്റത്തിന് എതിരല്ലെന്നും കരാര്‍ വ്യവസ്ഥകളിലെ ലംഘനമാണ് ചൂണ്ടിക്കാട്ടിയത് എന്നുമാണ് മുന്‍ മന്ത്രി പി രാജീവ് പറഞ്ഞത്. പാര്‍ട്ടിക്ക് അകത്ത് രണ്ട് അഭിപ്രായമില്ലെന്നും തൂത്തുക്കുടിയില്‍ എംഎസ്‌സിയ്ക്ക് ഉണ്ടെന്ന് പുറത്തുകൊണ്ടുവന്നത് മാധ്യമങ്ങളാണെന്നും പി രാജീവ് പറഞ്ഞു. ‘കരാര്‍ ലംഘനം ഉണ്ടായി. അത് പരിഹരിക്കാനാണ് മുഖ്യമന്ത്രി സ്റ്റേറ്റ്മാന്‍ഷിപ്പ് കാണിക്കേണ്ടത്. പലതിലും മുഖ്യമന്ത്രിക്ക് തിടുക്കമാണ്’, പി രാജീവ് പറഞ്ഞു.ഓഹരി വിഷയം വിവാദമാക്കേണ്ടതില്ല എന്ന ഇ പി ജയരാജന്റെ നിലപാടിനെ തളളി തോമസ് ഐസക് രംഗത്തെത്തി. വിവാദമാക്കേണ്ട എന്ന് പറയുന്നതില്‍ കാര്യമില്ലെന്നും പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസമില്ലെന്നും തോമസ് ഐസക് പറഞ്ഞു. തൂത്തുക്കുടി തുറമുഖത്ത് എംഎസ്‌സി കമ്പനിക്ക് സ്വന്തമായി ടെര്‍മിനലുളളത് കരാര്‍ ലംഘനമാണോ എന്നത് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘അദാനിക്ക് ഓഹരി കൈമാറ്റം നടത്തണം, അതിന്റെ ഫലമായി 13000 കോടി രൂപ അവര്‍ക്ക് കിട്ടുന്നു. അതിന് കേരളാ സര്‍ക്കാരിന്റെ അനുവാദം കൂടിയേ തീരു. എംഎസ്‌സിയ്ക്ക് തൂത്തുക്കുടിയില്‍ ടെര്‍മിനല്‍ സ്വന്തമായിട്ടുളളത് കരാര്‍ നിബന്ധനകളില്‍ നിന്ന് വ്യത്യസ്തമല്ലേ? ഇതില്‍ വ്യക്തത വരുത്താതെ എങ്ങനെ മുന്നോട്ടുപോകാനാണ്’, തോമസ് ഐസക് ചോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button