Uncategorized

അമ്പലപ്പുഴയില്‍ ജി സുധാകരനും സിപിഐഎം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം, കയ്യാങ്കളി; ഒരാള്‍ ആശുപത്രിയില്‍

ആലപ്പുഴ: അമ്പലപ്പുഴയില്‍ ജി സുധാകരന്‍ എംഎല്‍എയും സിപിഐഎം പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കം. അമ്പലപ്പുഴ നീര്‍ക്കുന്നം സ്‌കൂളില്‍ വച്ചായിരുന്നു തര്‍ക്കം. സ്‌കൂളില്‍ നിന്ന് അനധികൃതമായി മണ്ണ് കടത്തുന്നു എന്ന ആരോപണം അന്വേഷിക്കാന്‍ എത്തിയതായിരുന്നു സുധാകരന്‍. ഈ സമയം ഇവിടെയെത്തിയ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ മുന്‍ സിപിഐഎം പ്രസിഡന്റും അംഗങ്ങളും ആണ് സുധാകരനുമായി തർക്കമുണ്ടായത്. സ്‌കൂളിലെ കെട്ടിടം പൊളിച്ച ശേഷം അവിടെ നിന്ന് മണ്ണ് അനധികൃതമായി കടത്തുന്നു എന്നായിരുന്നു സുധാകരന്റെ ആരോപണം.

കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പമായിരുന്നു സുധാകരന്‍ സ്‌കൂളിലേക്കെത്തിയത്. ആ സമയം സ്‌കൂള്‍ പിടിഎ പ്രസിഡന്റും മുന്‍ എംഎല്‍എ എച്ച് സലാമിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന പ്രശാന്ത് കുട്ടി, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് എന്നിവര്‍ അവിടെയുണ്ടായിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വലിയ തര്‍ക്കമുണ്ടാകുകയായിരുന്നു. സുധാകരന്‍ ഉന്നയിച്ച ആരോപണം വ്യാജമാണെന്നാണ് സിപിഐഎം പ്രവര്‍ത്തകരുടെ വിശദീകരണം. മണ്ണ് മാറ്റിയതിന്റെ അടക്കം എല്ലാ രോഖകളും കൈവശമുണ്ടെന്നും അവര്‍ പറയുന്നു. ജി സുധാകരന്റെ കൂടെയുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഐഎം നേതാക്കളെ കൈയ്യേറ്റം ചെയ്തതായി പരാതിയുണ്ട്. പ്രശാന്ത് കുട്ടി നലവില്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരിക്കുകയാണ്.അതേസമയം താന്‍ രാഷ്ട്രീയം കളിക്കാന്‍ വന്നതല്ലെന്നും സ്‌കൂളില്‍ വെള്ളക്കെട്ടുണ്ടായത് മണ്ണ് എടുത്തതുകൊണ്ടാണെന്നുമായിരുന്നു ജി സുധാകരന്റെ ആരോപണം. എന്നാല്‍ സുധാകരന്‍ രാഷ്ട്രീയ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് പെരുമാറുന്നതെന്നാണ് സിപിഐഎം ആരോപിക്കുന്നത്. ഓണ്‍ലൈന്‍ മീഡിയക്കാരുമായെത്തി ഷോഓഫിനാണ് സുധാകരന്‍ ശ്രമിക്കുന്നതെന്നും ആരോപണമുണ്ടായി. ജി സുധാകരന്‍ സ്‌കൂളിലേക്ക് അതിക്രമിച്ചെത്തിയെന്നാണ് പിടിഎ പറയുന്നത്. ഒടുവില്‍ അമ്പലപ്പുഴ പൊലീസ് എത്തിയായിരുന്നു ഇരു കൂട്ടരെയും പിരിച്ചു വിട്ടത്. മുന്‍ എംഎല്‍എ എച്ച് സലാം അടക്കം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button