Uncategorized

അസാധാരണ നീക്കവുമായി കണ്ഠരര് രാജീവര്; തന്ത്രി സ്ഥാനത്തേക്കില്ല,മകനെ പരിഗണിക്കണമെന്ന് ദേവസ്വം ബോർഡിന് കത്ത് നൽകി

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്ത് നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകി. പകരം തൽസ്ഥാനത്തേക്ക് മകൻ കണ്ഠരര് ബ്രഹ്‌മദത്തനെ പരിഗണിക്കണമെന്നും കത്തിലുണ്ട്. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്ത് വന്നതോടെയാണ് ഈ അസാധാരണ നീക്കം. മേൽശാന്തിക്കായുള്ള അഭിമുഖം നടക്കുകയാണ്. ഇന്റർവ്യു ബോർഡിൽ താഴമൺ കുടുംബത്തിൽ നിന്നുള്ള രണ്ട് തന്ത്രിമാരും വേണമെന്നതാണ് കീഴ്‌വഴക്കം. ഇതിനാൽ അഭിമുഖം നടക്കുമ്പോൾ കണ്ഠരര് രാജീവരും പങ്കെടുക്കേണ്ടതുണ്ട്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് ശേഷം പുറത്തിറങ്ങിയിട്ടും തന്ത്രി സ്ഥാനത്തുള്ള കണ്ഠരര് രാജീവര് സന്നിധാനത്ത് എത്തിയിട്ടില്ല.

ശബരിമല തീർത്ഥാടന കാലത്ത്, ചിങ്ങം മുതൽ കർക്കിടകം വരെ ഓരോ തന്ത്രിമാരും മാറിമാറിയാണ് വരാറുള്ളത്. നിലവിൽ കണ്ഠരര് മഹേഷ് മോഹനരാണ് ശബരിമല തന്ത്രി. വരുന്ന ഓഗസ്റ്റ് മാസം മുതൽ തന്ത്രി സ്ഥാനത്ത് വരേണ്ടത് കണ്ഠരര് രാജീവരാണ്. സ്വർണക്കൊള്ള കേസിൽ പ്രതിയായതിനാൽ ഉണ്ടാകാവുന്ന പ്രശ്‌നങ്ങൾ മുന്നിൽ കണ്ടാണ് തന്ത്രി സ്ഥാനത്തേക്ക് താനില്ലെന്ന നിലപാട് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ അറിയിച്ചിരിക്കുന്നതെന്നാണ് വിവരം.

അനാരോഗ്യം മൂലം തന്ത്രിസ്ഥാനത്ത് നിന്ന് ചടങ്ങുകള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് കത്തില്‍ പറയുന്നത്. ശബരിമലയില്‍ താന്ത്രിക അവകാശമുള്ള താഴമണ്‍ മഠത്തിലെ കണ്ഠരര് മോഹനരും രാജീവരുമാണ് തന്ത്രി സ്ഥാനം വഹിച്ചിരുന്നത്. പിന്നീട് മോഹനര് മാറി മകന്‍ കണ്ഠരര് മഹേഷ് മോഹനരര്‍ക്ക് ചുമതല നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജീവരും തന്ത്രിസ്ഥാനം മകന് നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.സാധാരണ ഗതിയിൽ രാജീവര് കേസിൽ പ്രതിയായ സാഹചര്യത്തിൽ അദ്ദേഹത്തെ തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള അധികാരം ദേവസ്വം ബോർഡിന് ഉണ്ട്. എന്നാൽ ഇത് നിയമപ്രശ്‌നത്തിലേക്ക് പോകാൻ സാധ്യതയുള്ളതിനാലാണ് കത്ത് നൽകിയിരിക്കുന്നത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ദൈനംദിന നടപടിക്രമങ്ങൾക്കും ഹൈക്കോടി സമിതിയുടെയും ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റെയും അനുമതി വേണം. ഈ സാഹചര്യത്തിൽ ഈ കത്തുമായി ബന്ധപ്പെട്ടത് ഉൾപ്പെടെ എന്ത് തുടർനടപടികളാണ് സ്വീകരിക്കേണ്ടതെന്ന് ഹൈക്കോടതി ദേവസ്വം ബഞ്ചിന്റെ അഭിപ്രായം കൂടി പരിഗണിച്ച ശേഷം തീരുമാനം കൈക്കൊള്ളാമെന്നാണ് തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ നിലപാട്. ഇതിന്റെ ഭാഗമായി ഹൈക്കോടതി ദേവസ്വം ബെഞ്ചിനെ തിരുവിതാകൂർ ദേവസ്വം ബോർഡ് സ്റ്റാൻഡിങ് കൗൺസിൽ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button