Uncategorized

നടിയെ ആക്രമിച്ച കേസ്; ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുളള പ്രതികളുടെ അപ്പീൽ കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുളള പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പള്‍സര്‍ സുനിയുള്‍പ്പെടെ ശിക്ഷിക്കപ്പെട്ട ആറ് പ്രതികളുടെ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് വാദം കേള്‍ക്കുക. ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യത്തെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും നടിയുടെ അഭിഭാഷകനും എതിര്‍ക്കും. നടിക്കുവേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവര്‍ ഹാജരാകും. ശിക്ഷാവിധി മരവിപ്പിക്കുന്നതില്‍ വാദം പൂര്‍ത്തിയായാല്‍ ഹൈക്കോടതി ഉടന്‍ തീരുമാനമെടുത്തേക്കും.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസില്‍ നേരത്തെ ശിക്ഷാവിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോയത്. 11 മണിയോടെ അപ്പീല്‍ ഹര്‍ജി പരിഗണിക്കും. ശിക്ഷാവിധി മരവിപ്പിച്ച് അപ്പീലില്‍ വാദം കേള്‍ക്കണമെന്നാണ് പ്രതികളുടെ ആവശ്യം. പ്രിന്‍സിപ്പല്‍ കോടതി വിധിക്കെതിരെ സര്‍ക്കാരിന്റെ അപ്പീലുമുണ്ട്. നടൻ ദിലീപ് അടക്കം മുഴുവന്‍ പ്രതികളെയും ശിക്ഷിക്കണമെന്നും ശിക്ഷ ഉയര്‍ത്തണമെന്നുമാണ് സര്‍ക്കാരിന്റെ അപ്പീലിലെ ആവശ്യം. ഈ അപ്പീല്‍ പിന്നീടായിരിക്കും പരിഗണിക്കുക.നേരത്തെ നടിയെ ആക്രമിച്ച കേസില്‍ വാര്‍ത്തകള്‍ തടയണമെന്ന ആവശ്യത്തില്‍ ദിലീപ് തിരിച്ചടി നേരിട്ടിരുന്നു. ദിലീപിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. പ്രതിയായ ദിലീപിന്റെ പേര് റിപ്പോര്‍ട്ട് ചെയ്യുന്നത് എങ്ങനെ കുറ്റകൃത്യമാകുമെന്ന് ഹൈക്കോടതി ചോദിച്ചു. പ്രതിയുടെ അറസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് എങ്ങനെ തെറ്റാകും? വിചാരണയുടെ വസ്തുതാപരമായ റിപ്പോര്‍ട്ടിംഗ് എങ്ങനെ തെറ്റാകും? പ്രതിയുടെ പേര് പറയുന്നതിന് നിയമത്തില്‍ എവിടെയാണ് വിലക്ക് എന്നും ഹൈക്കോടതി ചോദിച്ചു. നിയമത്തില്‍ ഒരിടത്തും ഇതിന് വിലക്കില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിചാരണ ആരംഭിച്ചു, സാക്ഷികളെ വിസ്തരിച്ചു, സാക്ഷികള്‍ കൂറുമാറി ഇത്തരം റിപ്പോര്‍ട്ടിംഗ് എങ്ങനെ തെറ്റാകുമെന്നും ദിലീപിനോട് ഹൈക്കോടതി ചോദിച്ചു. പ്രതിയുടെ പേര് പറയുന്നതിലൂടെ പരാതിക്കാരിയെ ഈ കേസില്‍ തിരിച്ചറിയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button