Uncategorized

‘സ്ത്രീയെ രക്ഷിക്കാനാണ് മണ്ണിടിയുന്ന ഭാഗത്തേക്ക് ഓടിയത്, തലയൊഴികെയുള്ള എന്റെ ശരീരഭാഗം മണ്ണിനടിയിലായി’

കള്ളാടി: വയനാട് മണ്ണിടിച്ചില്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കെന്ന് തുരങ്കപാത നിര്‍മ്മാണ പദ്ധതിയിലെ സൂപ്പര്‍വൈസര്‍മാരില്‍ ഒരാളായ ടി കെ കുഞ്ചു. ചായ കുടിച്ചതിന്റെ പൈസ കൊടുക്കാന്‍ മറന്നത് കൊണ്ട് നല്‍കാനായി തിരികെ വന്നതായിരുന്നു. ഇതിനിടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. നടന്നുവന്ന ഒരു സ്ത്രീയെ രക്ഷിക്കാനാണ് മണ്ണിടിയുന്ന ഭാഗത്തേക്ക് ഓടിയത്. തലയൊഴികെയുള്ള തന്റെ ശരീരഭാഗം മണ്ണിനടിയിലായിരുന്നു. അവിടെ നിന്ന് എഴുന്നേറ്റ് പോയി രണ്ട് പേരെ രക്ഷിച്ചു. ഒപ്പം ചായകുടിച്ച് മടങ്ങിയ സഹപ്രവര്‍ത്തകരെ കാണാതായെന്നും കുഞ്ചു പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.മണ്ണിടിച്ചിലാണ് ഉണ്ടായതെന്നും ഉരുള്‍പ്പൊട്ടലല്ലെന്നും സൂപ്പര്‍വൈസര്‍ പറഞ്ഞു. വനഭാഗത്ത് നിന്നാണ് മണ്ണിടിഞ്ഞ് തുടങ്ങിയത്. പദ്ധതിയുടെ ഭാഗമായി എടുത്ത മണ്ണ് കൂട്ടിയിട്ടത് വലതുഭാഗത്താണ്. കൂട്ടിയിട്ട മണ്ണ് ടാര്‍പോളിന്‍ ഇട്ട് മൂടിയിട്ടിരുന്നു. പക്ഷേ ഇടതുഭാഗത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. അവിടെ മണ്ണിടിച്ചില്‍ ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. നിര്‍മ്മാണ പ്രവര്‍ത്തി നിര്‍ത്തിവച്ചതുകൊണ്ടാണ് ജീവനക്കാര്‍ അധികം ഉണ്ടാകാതിരുന്നത്.നിരീക്ഷണത്തിന് വേണ്ടിയുള്ള ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. എടുത്തിട്ട മണ്ണ് നീക്കം ചെയ്യാനുള്ള സ്ഥലം കണ്ടെത്താന്‍ എഡിഎം നിര്‍ദേശം നല്‍കിയിരുന്നു. മണ്ണിടാന്‍ വില്ലേജ് ഓഫീസറുടെ സാനിധ്യത്തില്‍ സ്ഥലം കണ്ടെത്തിയിരുന്നു. പത്താം തീയതിയിലെ മീറ്റിങ്ങില്‍ മണ്ണ് മാറ്റുന്നതില്‍ തീരുമാനമെടുക്കാന്‍ ഇരിക്കുകയായിരുന്നുവെന്നും സൂപ്പര്‍വൈസര്‍ കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച രാവിലെ 11.30 ഓടെയായിരുന്നു കള്ളാടി മീനാക്ഷിപാലത്തിന് സമീപം ദുരന്തമുണ്ടായത്. മൂന്ന് പേരായിരുന്നു അപകടത്തില്‍ മരിച്ചത്. സംഭവത്തിന് തൊട്ടുപിന്നാലെ മന്ത്രിമാരായ ടി സിദ്ദിഖ്, എ പി അനില്‍കുമാര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു. അഞ്ച് പേരെ കാണാതായതായാണ് വിവരം. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. മഴയില്ലെങ്കില്‍ രക്ഷാപ്രവര്‍ത്തനം വൈകിട്ടോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് മന്ത്രി എ പി അനില്‍കുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. സംഭവത്തില്‍ രണ്ട് തലത്തിലുള്ള അന്വേഷണമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അപകടമുണ്ടായ സാഹചര്യവും കേന്ദ്രസര്‍ക്കാര്‍ പാരിസ്ഥിതിക അനുമതി കൊടുത്തപ്പോള്‍ നല്‍കിയ കര്‍ശന നിര്‍ദേശങ്ങള്‍ പാലിച്ചോ എന്നതുമായിരിക്കും അന്വേഷിക്കുക. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button