ഗൾഫ് മേഖലയിൽ ആക്രമണം കടുപ്പിച്ച് ഇറാൻ; കുവൈറ്റിൽ പവർ ഗ്രിഡിന് തകരാർ, ഖത്തറിൽ കുട്ടിക്ക് പരിക്ക്

പശ്ചിമേഷ്യയിൽ യുദ്ധഭീതി ഇരട്ടിയാക്കി ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ഇറാൻ്റെ മിസൈൽ-ഡ്രോൺ ആക്രമണം ഇന്നും തുടർന്നു. ആക്രമണത്തെ തുടർന്ന് കുവൈറ്റിൽ പവർ ഗ്രിഡിനും ജലശുദ്ധീകരണ പ്ലാന്റിനും കേടുപാടുകൾ സംഭവിച്ചു. ഖത്തറിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരു കുട്ടിക്ക് പരിക്കേറ്റു. അറബ് രാജ്യങ്ങൾക്ക് നേരെയുള്ള ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ രംഗത്തെത്തി. ഇറാനിലെ സിവിലിയൻ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കയും ആക്രമണം കടുപ്പിച്ചു.
പശ്ചിമേഷ്യൻ സംഘർഷം കടുപ്പിച്ചുകൊണ്ടാണ് ഇറാൻ ഗൾഫ് മേഖലയ്ക്ക് നേരെ വ്യാപക ആക്രമണം അഴിച്ചുവിട്ടത്. ബഹ്‌റൈനിൽ രാത്രിയിൽ രണ്ടുതവണ വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. താമസക്കാരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനും അധികൃതർ നിർദ്ദേശം നൽകി. ഖത്തറിൽ തകർന്നുവീണ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഒരു കുട്ടിക്ക് പരിക്കേറ്റു.കുവൈറ്റ് സൈന്യം മിസൈലുകളെയും ഡ്രോണുകളെയും വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രതിരോധിച്ചെങ്കിലും രാജ്യത്തെ പ്രധാന വൈദ്യുതി ഉത്പ്പാദന-ജലശുദ്ധീകരണ പ്ലാന്റിന് കേടുപാടുകൾ സംഭവിച്ചു. ആക്രമണത്തിൽ ചില സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. പ്ലാന്റിലുണ്ടായ വൻ തീപിടുത്തം പിന്നീട് നിയന്ത്രണവിധേയമാക്കി. പവർ ഗ്രിഡിന്റെ സ്ഥിരത ഉറപ്പാക്കാൻ സാങ്കേതിക വിദഗ്ധർ രംഗത്തുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് കുവൈറ്റ് ഭരണകൂടം പൗരന്മാരോട് ആവശ്യപ്പെട്ടു.
ജോർദാനെ ലക്ഷ്യമിട്ടെത്തിയ മൂന്ന് ഇറാനിയൻ മിസൈലുകൾ വിജയകരമായി തകർത്തതായി സായുധ സേന വ്യക്തമാക്കി. ഒമാനിലെ ഖസബിന് സമീപം അന്താരാഷ്ട്ര കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ചരക്ക് ടാങ്കറിൽ അജ്ഞാത പ്രൊജക്റ്റൈൽ ഇടിച്ചതായി UKMTO റിപ്പോർട്ട് ചെയ്തു. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണ്. അതേസമയം, ഒമാനിലെ അമേരിക്കൻ റഡാറുകള്‍ തങ്ങൾ തകർത്തതായി ഇറാൻ അവകാശപ്പെട്ടു. മേഖലയിലെ സമാധാനം തകർക്കുന്ന ഇറാന്റെ ഈ കടന്നുകയറ്റത്തെ യുഎഇ വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ അപലപിച്ചു.
അതേസമയം, ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇറാനിലും കനത്ത തിരിച്ചടിയുണ്ടായി. ആക്രമണത്തിൽ ഇറാന്റെ ബന്ദർ അബ്ബാസിലും കിഷ് ദ്വീപിലും വൈദ്യുതി വിതരണം പൂർണ്ണമായി തടസ്സപ്പെട്ടു. രാജ്യത്തെ പ്രധാനപ്പെട്ട അഞ്ച് പാലങ്ങളാണ് തകർന്നത്. ഇതിൽ ബന്ദർ ഹമീറിലെ പാലത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ഷെഹർ ഇറാനിലെ വിമാനത്താവളത്തിന് നേരെയും ശക്തമായ ആക്രമണമാണുണ്ടായത്.




