KSU സംസ്ഥാന പ്രസിഡന്റിന് മുഖം നല്‍കാതെ മുഖ്യമന്ത്രി; അലോഷ്യസ് സേവ്യറിനെ അവഗണിച്ച് മടങ്ങി

കൊച്ചി: കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനെ അവഗണിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. തേവര എസ് എച്ച് കോളേജില്‍ നടന്ന ഹെല്‍ത്ത് സമ്മിറ്റിനിടെയാണ് മുഖ്യമന്ത്രി അലോഷ്യസ് സേവ്യറിനെ അവഗണിച്ച് മടങ്ങിയത്. പ്രസംഗിച്ച് വേദിയില്‍ നിന്നും ഇറങ്ങവെയാണ് സംഭവം. ഹൈക്കോടതി പ്ലീഡര്‍ നിയമന വിവാദത്തില്‍ മുഖ്യമന്ത്രി-കെഎസ്‌യു തര്‍ക്കം രൂക്ഷമാണ്.
പ്ലീഡര്‍ നിയമനത്തില്‍ കെഎസ്യുവിനെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിൽ കോണ്‍ഗ്രസിലും ഭിന്നത രൂക്ഷമാണ്. അതിനിടെയാണ് പൊതുവേദിയില്‍ കെഎസ്‌യു സംസ്ഥാന അധ്യക്ഷനെ കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി. തേവര കോളേജിലെ പരിപാടി കഴിഞ്ഞിറങ്ങവെ മുഖ്യമന്ത്രിയെ കാണാനായി നിന്നവരില്‍ അലോഷ്യസും ഉണ്ടായിരുന്നു. എന്നാല്‍ അവിടെ ഉണ്ടായിരുന്ന ചിലരുമായി സംസാരിച്ച വി ഡി സതീശന്‍ അലോഷ്യസിന് മുഖം കൊടുത്തതേയില്ല.നിയമന വിവാദത്തില്‍ കെഎസ്യു നേതൃത്വത്തെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിയെ എതിര്‍ത്തും അനുകൂലിച്ചും കോണ്‍ഗ്രസില്‍ പോര് തുടരുകയാണ്. കെഎസ്യു നേതൃത്വത്തെ അധിക്ഷേപിച്ചതില്‍ മുഖ്യമന്ത്രി തിരുത്തണമെന്ന് ആവശ്യവും കോണ്‍ഗ്രസില്‍ ഉയരുന്നുണ്ട്. സമരം ചെയ്തും ജയിലില്‍ കിടന്നും പോരാടിയ ഒരു നേതാവിനും കെഎസ്യുവിന് എതിരെ പറയാന്‍ കഴിയില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് തുറന്നടിച്ചു. ജനങ്ങള്‍ വലിയ പ്രതീക്ഷയോടെ തെരഞ്ഞെടുത്ത സര്‍ക്കാരാണെന്ന് ഓര്‍ക്കണമെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ മുന്നറിയിപ്പ്. അതേ സമയം വി ഡി സതീശന് പിന്തുണയുമായി മന്ത്രി എം ലിജുവും കെ പി നൗഷാദ് അലി എം എല്‍ എയും രംഗത്ത് എത്തിയിരുന്നു.




