Uncategorized

സത്യപ്രതിജ്ഞയിൽ വ്യത്യസ്തരായി എകെഎം അഷ്റഫും വി ടി ബൽറാമും

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവർ പ്രോ ടേം സ്പീക്കർ ജി സുധാകരന് മുന്നിൽ എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. പ്രേ ടേം സ്പീക്കര്‍ ജി സുധാകരന് മുന്നിലാണ് എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇന്ന് സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ക്ക് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകില്ല. സത്യപ്രതിജ്ഞയില്‍ വ്യത്യസ്തനായത് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫാണ്. കന്നട ഭാഷയിലാണ് എകെഎം അഷ്‌റഫ് സത്യപ്രതിജ്ഞ ചെയ്തത്. കാസര്‍ഗോഡ് കടമ്പാര്‍ സ്വദേശിയാണ്. ഉയര്‍ന്ന ഭൂരിപക്ഷത്തോടെയാണ് എകെഎം അഷ്റഫ് വീണ്ടും മഞ്ചേശ്വരത്തുനിന്നും തെരഞ്ഞെടുക്കപ്പെട്ടത്. 29,252 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയാണ് തിരഞ്ഞെടുപ്പില്‍ വിജയം കൊയ്തത്.

തൃത്താലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിടി ബല്‍റാമും സത്യപ്രതിജ്ഞാ ചടങ്ങിൽ വ്യത്യസ്ത കൊണ്ട് ശ്രദ്ധേയനായി. യുഡിഎഫിൽ നിന്നുള്ള യുവ എംഎൽഎമാർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ വി ടി ബൽറാം സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്. സിപിഐഎം നേതാവും മന്ത്രിയുമായിരുന്ന എം ബി രാജേഷിനെ പരാജയപ്പെടുത്തി 8,385 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിടി ബല്‍റാം വിജയിച്ചത്. നിയമസഭയിലേക്ക് ഇത് മൂന്നാം തവണയാണ് വിടി ബല്‍റാം എത്തുന്നത്.മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ചും ഇന്നലെ ധാരണയായി. മന്ത്രിമാര്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിളിച്ചുചേര്‍ത്ത ഉന്നതതല പൊലീസ് യോഗം ശനിയാഴ്ച ചേരും. ക്രമസമാധാന നില വിലയിരുത്തും. രമേശ് ചെന്നിത്തല നേരിട്ട് യോഗത്തിനെത്തുമെന്നാണ് അറിയിച്ചത്. പൊലീസ് ആസ്ഥാനത്ത് ചേരുന്ന യോഗത്തില്‍ ജില്ലാ പൊലീസ് മേധാവിമാര്‍ മുതല്‍ ഡിജിപി വരെ പങ്കെടുക്കും. ക്രമസമാധാനം, മയക്കുമരുന്ന്, ഗുണ്ടാ ആക്രമണങ്ങള്‍ എന്നിവ ചര്‍ച്ചയാകും. പൊലീസ് മര്‍ദനങ്ങളിലെ സര്‍ക്കാര്‍ നിലപാടും അറിയിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button