Uncategorized

ടെലിഗ്രാമിലൂടെ ചോദ്യങ്ങള്‍ പ്രചരിപ്പിച്ചു; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

മുംബൈ: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ടെലി​ഗ്രാമിലൂടെ ചോദ്യ പേപ്പ‍ർ പ്രചരിപ്പിച്ച എംബിബിഎസ് വിദ്യാർത്ഥിയാണ് അറസ്റ്റിലായത്. നാസിക്കിൽ നിന്നാണ് പൊലീസ് വിദ്യാർത്ഥിയെ പിടികൂടിയത്. ഭോപ്പാലിലെ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയായ ശുഭം ഖൈർനാർ ആണ് അറസ്റ്റിലായത്. വിദ്യാർത്ഥി ചോദ്യ പേപ്പറിൻ്റെ ​പകർപ്പ് ഹരിയാന സ്വദേശിക്ക് കൈമാറിയെന്നാണ് പൊലീസ് പറയുന്നത്.

മോഡൽ ചോദ്യപേപ്പർ എന്ന പേരിലാണ് വിദ്യാർത്ഥി ചോദ്യപേപ്പർ പ്രചരിപ്പിച്ചത്. വിദ്യാർത്ഥി നാസിക്കിലെ ഒരു സ്വകാര്യ പ്രിൻ്റിങ് പ്രസിൽ നിന്ന് ചോദ്യപേപ്പറിൻ്റെ കോപ്പികൾ എടുത്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ നാസിക് മുതൽ, ഡെറാഡൂൺ, കേരളം, ഹരിയാന, ബിഹാർ, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്ക് വരെ ചോദ്യപേപ്പർ പ്രചരിച്ചെന്ന് പൊലീസ് വ്യക്തമാക്കി. നിരവധി പേരടങ്ങിയ ഒരു സംഘം ഇതിന് പിന്നിലുണ്ടെന്നും പൊലീസ് പറഞ്ഞു. അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ മുഖ്യ സൂത്രധാരനായ മനീഷ് യാദവിനെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. മനീഷിനൊപ്പം ഒൻപത് പേരെയും നാസിക്ക് പൊലീസ് പിടികൂടിയിട്ടുണ്ട്. രാജസ്ഥാൻ പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. വമ്പൻ തട്ടിപ്പാണ് നടന്നതെന്നാണ് നാസിക്ക് പൊലീസിൻ്റെ കണ്ടെത്തൽ. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തുന്നതിനായി കേസ് സിബിഐക്ക് കൈമാറിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button