Uncategorized

വിമുക്തഭടനെ മദ്യം നല്‍കി മയക്കിയ ശേഷം മര്‍ദ്ദിച്ച് സ്വര്‍ണവും പണവും കവര്‍ന്ന സംഭവം; പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം: വിമുക്തഭടനെ മദ്യം നല്‍കി മയക്കിയ ശേഷം മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി ഒന്‍പത് പവന്‍ സ്വര്‍ണവും പണവും കവരുകയും ചെയ്ത കേസിലെ പ്രതികള്‍ അറസ്റ്റില്‍. ആലപ്പുഴയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. നെയ്യാറ്റികര ആറാലുംമൂഡ് സ്വദേശി ദീപ, മകന്‍ അഖില്‍, പ്രകാശന്‍ എന്നിവരാണ് പിടിയിലായത്. ആലപ്പുഴയിലെ ധ്യാന കേന്ദ്രത്തില്‍ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

ഈ കഴിഞ്ഞ ഞായറാഴ്ച പോത്തന്‍കോട് ചന്തവിളയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടകംപള്ളി ആനയറ സ്വദേശിയായ വിധു (68) ആണ് മര്‍ദ്ദനത്തിനും കവര്‍ച്ചയ്ക്കും ഇരയായത്. എട്ടുമാസമായി പരിചയത്തിലുള്ള മണക്കാട് സ്വദേശി ദീപ എന്ന യുവതിയും രണ്ട് പുരുഷന്മാരും ചേര്‍ന്നാണ് കവര്‍ച്ച നടത്തിയത് എന്ന് വിധു പറഞ്ഞിരുന്നു. ഇയാള്‍ പുതുതായി ചന്തവിളയില്‍ വാങ്ങിയ വീട് കാണാന്‍ എന്ന വ്യാജേനയാണ് യുവതിയും മകനും സുഹൃത്തും സംഭവസ്ഥലത്തെത്തിയത്. ഇവര്‍ കൊണ്ടുവന്ന മദ്യം അമിത അളവില്‍ നിര്‍ബന്ധിച്ച് കുടിപ്പിച്ച ശേഷം മര്‍ദ്ദിച്ച് അവശനാക്കിയാണ് സ്വര്‍ണവും പണവും കൈക്കലാക്കിയത് എന്നാണ് വിധു പോത്തന്‍കോട് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.സ്വര്‍ണമാല, ബ്രേസ്ലേറ്റ്, മൂന്ന് സ്വര്‍ണ മോതിരം എന്നിവയടക്കം ഒന്‍പത് പവന്‍ സ്വര്‍ണാഭരണങ്ങളും, 8000 രൂപയുമാണ് ഇവര്‍ കവര്‍ന്നത്. കൂടാതെ എടിഎം കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, എക്‌സ് സര്‍വീസ് മാന്‍ കാര്‍ഡ് എന്നിവ അടങ്ങിയ പേഴ്‌സും മൊബൈല്‍ ഫോണും സംഘം കവര്‍ന്നിരുന്നു. മര്‍ദ്ദനത്തില്‍ വിധുവിന് നെറ്റിയില്‍ മുറിവേറ്റിരുന്നു. ബോധം വീണതിന് ശേഷം ആശുപത്രിയില്‍ ചികിത്സ തേടുകയും പിന്നാലെ പോത്തന്‍കോട് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

എട്ടുമാസം മുമ്പ് നഗരത്തിലെ ഹോട്ടലില്‍ വെച്ചാണ് മണക്കാട് സ്വദേശിയായ ദീപയെ പരിചയപ്പെട്ടതെന്നാണ് വിധു പറയുന്നത്. ഹണിട്രാപ് കേസില്‍ ദീപ മുന്‍പും പിടിയിലായിട്ടുണ്ടെന്നാണ് വിവരം. സംഭവ ശേഷം മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് രക്ഷപ്പെട്ട പ്രതികള്‍ നേരെ ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിലേക്കാണ് എത്തിയത്. ഇതിലൊരാള്‍ ഫോണ്‍ ഓണ്‍ ചെയ്തപ്പോഴാണ് പോലീസ് പ്രതികളുടെ ലൊക്കേഷന്‍ മനസ്സിലാക്കിയത്. പിന്നാലെ ടവര്‍ ലൊക്കേഷന്‍ കാണിച്ച് സ്ഥലത്തെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പിന്നാലെ മണ്ണഞ്ചേരി പോലീസ് ധ്യാനകേന്ദ്രത്തിലെത്തി പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരെ അധികം വൈകാതെ പോത്തന്‍കോട് പോലീസിന് കൈമാറും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button