കാക്കനാട്ടെ വീട്ടുമുറ്റത്ത് ഞായറാഴ്‌ച രാവിലെ കണ്ടത് ഒരു പാമ്പിനെ, തിരച്ചിലിൽ വീടിന് അകത്തും പുറത്തുമായി 5 പാമ്പുകളെ കൂടി കണ്ടെത്തി; ‘ആശങ്ക വേണ്ട’

കൊച്ചി: കാക്കനാട് അത്താണിയിൽ വീട്ടുമുറ്റത്ത് അഞ്ച് മലമ്പാമ്പ് കുഞ്ഞുങ്ങളെ കണ്ടെത്തി. അത്താണി ശ്മശാനത്തിന് സമീപമുള്ള വീട്ടുവളപ്പിലാണ് നാട്ടുകാരെയും വീട്ടുകാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തി മലമ്പാമ്പ് കുഞ്ഞുങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് വീട്ടുമുറ്റത്തെ ചെടിച്ചട്ടികൾക്കിടയിൽ നിന്ന് ആദ്യത്തെ കുഞ്ഞിനെ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ പകൽ സമയത്ത് ഒരെണ്ണത്തിനെ കൂടി കണ്ടെത്തി. തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും രാത്രി ഒന്നുകൂടി പരിശോധിച്ചു. ഈ സമയത്താണ് ഒന്നിനുപിറകെ ഒന്നായി അഞ്ച് കുഞ്ഞുങ്ങളെ കൂടി പിടികൂടിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് വലിയ മലമ്പാമ്പിനെ കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. ഈ അമ്മ പാമ്പ് വീട്ടുവളപ്പിൽ എവിടെയോ താവളമുറപ്പിച്ച് മുട്ടയിട്ടതാകാമെന്നാണ് നിഗമനം. മുട്ട വിരിഞ്ഞ് അധികം ദിവസമാകാത്ത കുഞ്ഞുങ്ങളായതിനാൽ വലിയ അപകടസാധ്യതയില്ലെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ‘സർപ്പ്’ വൊളന്റിയർ മുഹമ്മദ് സാദിഖ് അഞ്ച് പാമ്പ് കുഞ്ഞുങ്ങളെയും സുരക്ഷിതമായി പിടികൂടി കുപ്പിയിലാക്കി മാറ്റി. എന്നാൽ അമ്മ പാമ്പ് ഇപ്പോഴും പരിസരത്തുണ്ടാകാം എന്ന ഭീതിയിലാണ് പ്രദേശവാസികൾ. ജനവാസ മേഖലയായതിനാൽ വനംവകുപ്പിന്റെ കൂടുതൽ ജാഗ്രത വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




