കേളകത്ത് കർക്കിടക ഫെസ്റ്റ് നാട്ടുചന്തയ്ക്ക് തുടക്കമായി

കേളകം: കേളകം ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ ജില്ലാ മിഷൻ കണ്ണൂർ, കുടുംബശ്രീ സി.ഡി.എസ്. എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർക്കിടക ഫെസ്റ്റ് നാട്ടുചന്തയ്ക്ക് തുടക്കമായി. കേളകം ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ ലീലാമ്മ ജോണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അബ്ദുർ സലാം, പഞ്ചായത്ത് അംഗം എസ്. ടി. രാജേന്ദ്രൻ മാസ്റ്റർ, സീനിയർ വൈസ് ചെയർപേഴ്സൺ തങ്കമ്മ മേലേക്കുറ്റി, അഗ്രി ആർ.പി. കെ. പി. അമ്പിളി, ഇന്ദു, പ്രജിഷ, ജിമോൻ, ഷീന എന്നിവർ സംസാരിച്ചു.
കർക്കിടക മാസത്തിലെ ആരോഗ്യ സംരക്ഷണം മുൻനിർത്തി ഔഷധക്കഞ്ഞികൾ, ഔഷധ കിറ്റുകൾ, നാടൻ ഇലക്കറികൾ, ഔഷധ സസ്യങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയും നാട്ടുചന്തയിൽ ഒരുക്കിയിട്ടുണ്ട്. പാരമ്പര്യ ഭക്ഷണശീലങ്ങളും ആരോഗ്യകരമായ ജീവിതരീതികളും ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കർക്കിടക ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.




