നീറ്റിൽ പാർലമെന്റിൽ ചർച്ചക്ക് തയ്യാർ’; പ്രതിഷേധച്ചൂടറിഞ്ഞ് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ഉൾപ്പെടെ ആവശ്യങ്ങളുന്നയിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സമരം ശക്തമായി തുടരവേ, നീറ്റിൽ പാർലമെന്റിൽ ചർച്ച നടത്താൻ തയ്യാറാണെന്ന് അറിയിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്.
പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം കനത്ത പശ്ചാത്തലത്തിലാണ് കേന്ദ്രം ചർച്ചക്ക് തയ്യാറായിരിക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് ലോക്സഭയും രാജ്യസഭയും ഇന്ന് രണ്ടുമണി വരെ നിർത്തിവെച്ചിരിക്കുകയാണ്.
സിജെപി സമരത്തിന് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയത് ഉൾപ്പെടെയുള്ള വിഷയങ്ങൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ, സർക്കാർ ഇതിന് തയാറാകാതായതോടെ പ്രതിപക്ഷം വ്യാപക പ്രതിഷേധമുയർത്തി. നീറ്റ് ക്രമക്കേടിൽ ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാണാവശ്യമെന്ന് കെ.സി വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. ലാത്തിച്ചാർജിൽ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. പ്രതിപക്ഷം സഭാകവാടത്തിൻ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു.
അതേസമയം, സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് സിജെപി തീരുമാനം. ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്നോട്ട് പോകില്ലെന്ന നിലപാടിലാണ് സിജെപി. പിന്തുണയുമായി ഇന്നലെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തിന് പിന്തുണയുമായി കൂടുതൽ പ്രതിപക്ഷ നേതാക്കൾ സമര വേദിയിലെത്തി. പാർലമെന്റ് മാർച്ചിനിടെ അറസ്റ്റ് ചെയ്തവരെ ഡൽഹി പൊലീസ് വിട്ടയച്ചതായി സിജെപി അറിയിച്ചു.
ഇൻഡ്യാ സഖ്യം പോരാട്ടം തുടരുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും നേരെയുള്ള അതിക്രമത്തിൽ സർക്കാർ ഖേദിക്കും. നേതാക്കൾക്ക് നേരെ അതിക്രമം തുടർന്നാൽ വൻ പ്രക്ഷോഭത്തിലേക്ക് കടക്കും. വിദ്യാർഥികളെയും പ്രതിപക്ഷത്തെയും ഭീഷണിപ്പെടുത്തുകയാണ് കേന്ദ്ര സർക്കാരെന്നും ഖാർഗെ കുറ്റപ്പെടുത്തി.




