തൃക്കരിപ്പൂരില്‍ പരമ്പരാഗത പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായി; കാരണം അടിമുടി പരിശോധിക്കും: വിപിപി മുസ്തഫ

ചെറുവത്തൂര്‍: തൃക്കരിപ്പൂരില്‍ പരമ്പരാഗത പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി പി പി മുസ്തഫ. എന്താണ് കാരണമെന്ന് അടിമുടി പരിശോധിക്കുമെന്നും പാര്‍ട്ടി വോട്ടുകള്‍ നഷ്ടമായതുകൊണ്ട് അധികമായി ലഭിച്ച വോട്ടുകള്‍ പ്രകടമായില്ലെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പ്രശ്‌നങ്ങള്‍ എല്ലായിടത്തെയും പോലെ തൃക്കരിപ്പൂരിലും ബാധിച്ചിട്ടുണ്ടാകാം. പാര്‍ട്ടിയില്‍ ശൈലിമാറ്റം വേണമോ എന്ന് പരിശോധിക്കണമെന്നും വിപിപി മുസ്തഫ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.
സിപിഐഎം കോട്ടയെ പിടിച്ചെടുത്തുകൊണ്ടാണ് തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ വിജയം കുറിച്ചത്. മണ്ഡലം രൂപവത്‌കൃതമായ 1977 മുതൽ സിപിഐഎമ്മിന്റെ കയ്യിലായിരുന്നു തൃക്കരിപ്പൂർ. 11 തെരഞ്ഞെടുപ്പിലും നിയമസഭയില്‍ തൃക്കരിപ്പൂരിനെ പ്രതിനിധാനം ചെയ്തത് ഇടതുമുന്നണിയാണ്.
തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ്, പിലിക്കോട്, ചെറുവത്തൂര്‍, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തുകളും നീലേശ്വരം നഗരസഭയുമാണ് തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഉൾപ്പെടുന്നത്.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചർച്ച സജീവമാവുകയാണ്. നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരിൽ ഒരാൾ എത്തുമോ, അതല്ല കെസി വേണുഗോപാൽ ഡൽഹിയിൽ നിന്ന് എത്തുമോ എന്ന ആകാംക്ഷയിലാണ് കേരള രാഷ്ട്രീയം. വി ഡി സതീശൻ, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല പക്ഷങ്ങൾ മുഖ്യമന്ത്രി കസേരയില്‍ അവകാശവാദവുമായി രംഗത്തുണ്ട്. ഡല്‍ഹിയില്‍ നിന്നും പാർട്ടിയുടെ നിരീക്ഷകർ എത്തുന്നതിന് മുമ്പായി പരമാവധി എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാനുള്ള തിരക്കിട്ട നീക്കവും സജീവമാണ്.




