Uncategorized

വധശ്രമം ഉൾപ്പെടെ നിരവധി കേസുകൾ; യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മാല കവർന്ന കേസിലും പിടിയിലായി; കാപ്പ ചുമത്തി സെൻട്രൽ ജയിലിലടച്ചു

കൊച്ചി: വധശ്രമം, കവർച്ച, ദേഹോപദ്രവം ഏൽപ്പിക്കൽ, സ്ത്രീകൾക്കെതിരായ അതിക്രമം തുടങ്ങിയ നിരവധി കേസുകളിൽ ഉൾപ്പെട്ടയാളെ കാപ്പ ചുമത്തി ജയിലിലടച്ചു. തിരുവാണിയൂർ വെങ്കിട കരയിൽ തെക്കേൽ വീട്ടിൽ അഭിജിത്ത് (29)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.

ഏപ്രിൽ 30-ന് തിരുവാണിയൂർ അമ്പലംപടി ഭാ​ഗത്ത് റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ സ്കൂട്ടറിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സ്വർണമാല കവർന്ന കേസിൽ അഭിജിത്ത് പിടിയിലായിരുന്നു. ഈ കേസിലും പ്രതിയായതോടെയാണ് ഇയാൾക്കെതിരേ കാപ്പ ചുമത്തിയത്. പുത്തൻകുരിശ്, ചോറ്റാനിക്കര, ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനുകളിലെ വിവിധ കേസുകളിലും ഇയാൾ നേരത്തേ പ്രതിയാണ്.

എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ജി പ്രിയങ്ക ആണ് പ്രതിക്കെതിരേ കാപ്പ ചുമത്തി ഉത്തരവിട്ടത്. പുത്തൻകുരിശ് ഡിവൈഎസ്പി വിഎ നിഷാദ് മോൻ്റെ നേതൃത്വത്തിൽ പുത്തൻകുരിശ് പൊലീസ് ഇൻസ്പെക്ടർ എം സാഹിൽ ഉൾപ്പെടെയുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എറണാകുളം റൂറൽ ജില്ലാ പരിധിയിൽ നിരന്തര കുറ്റവാളികളായ 20 പേരെ ഈ വർഷം ഇതുവരെ കാപ്പ ചുമത്തി ജയിലിലടച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button