Uncategorized

മൃഗീയമായി പെരുമാറി, സ്ത്രീധനത്തിൻ്റെ പേരിൽ പീഡനം; ജീവനൊടുക്കിയ ടെക്കിയുടെ ഭാര്യയുടെ പരാതി പുറത്ത്

ബെംഗളൂരു: ടെക്കി ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യ പൊലീസിന് നൽകിയ പരാതിയിലെ വിവരങ്ങൾ പുറത്ത്. 2022 ഏപ്രിൽ 24-ന് ഉത്തർപ്രദേശിലെ ജൗൻപൂരിൽ സമർപ്പിച്ച പരാതിയിൽ, അതുൽ സുഭാഷ് തന്നെ മർദ്ദിക്കാറുണ്ടെന്നും മൃഗത്തെപ്പോലെയാണ് തന്നോട് പെരുമാറിയതെന്നുമാണ് ഭാര്യ നികിത സിംഘാനിയ ആരോപിക്കുന്നത്.

സ്ത്രീധനത്തിൻറെ പേരിൽ തന്നെ പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. മാത്രമല്ല ഭർത്താവിനെയും മാതാപിതാക്കളെയും സഹോദരീ സഹോദരന്മാരെയും പരാതിയിൽ പ്രതികളായി ചൂണ്ടിക്കാണിക്കുന്നു.

തുടർന്ന് സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. ജൗൻപൂർ സ്വദേശിനി നികിത 2019-ലാണ് ബിഹാർ സ്വദേശിയായ സുഭാഷിനെ വിവാഹം കഴിച്ചത്. തുടർന്ന് ബംഗളൂരുവിൽ താമസിക്കുകയും ജോലി ചെയ്ത് വരികയുമായിരുന്നു.

വിവാഹശേഷം മാതാപിതാക്കൾ നൽകിയ പണത്തിൽ തൃപ്തരാകാത്തതിനാൽ അതുലും കുടുംബവും 10 ലക്ഷം രൂപ ആവശ്യപ്പെട്ടതായി നികിത പരാതിയിൽ പറയുന്നു. സ്ത്രീധനത്തിൻ്റെ പേരിൽ ഭർതൃവീട്ടുകാർ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ തുടങ്ങിയെന്നും യുവതി ആരോപിച്ചു.

തൻ്റെ കഷ്ടപ്പാടുകൾ മാതാപിതാക്കളുമായി പങ്കുവെച്ചിട്ടും, അത് കേട്ട് ജീവിക്കാൻ അവർ ഉപദേശിച്ചുവെന്നും നികിതയുടെ പരാതിയിൽ പറയുന്നു. എന്നാൽ സ്ഥിതി മാറിയില്ലെന്നും ഭർത്താവ് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തുവെന്നും അവർ പറഞ്ഞു.

മദ്യപിച്ച ശേഷം ഭർത്താവ് തന്നെ മർദിക്കാൻ തുടങ്ങി. മൃഗത്തെപ്പോലെ പെരുമാറാൻ തുടങ്ങി. ഭീഷണിപ്പെടുത്തി തൻ്റെ അക്കൗണ്ടിൽ നിന്ന് പണം മുഴുവൻ അയാളുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്നും നികിത പരാതിയിൽ പറയുന്നു.

24 പേജുള്ള ആത്മഹത്യാ കുറിപ്പും ഒരു മണിക്കൂറിലധികം ദൈർഘ്യമുള്ള വീഡിയോയും പങ്കു വെച്ചായിരുന്നു യുപി സ്വദേശിയായ അതുൽ സുഭാഷ് ആത്മഹത്യ ചെയ്തത്. ഭാര്യയും ഭാര്യയുടെ ബന്ധുക്കളും തന്നെ നിരന്തരമായി ദ്രോഹിക്കുകയാണെന്നായിരുന്നു അതുലിൻറെ ആരോപണം. തന്നെ ഉപദ്രവിച്ചവർ ശിക്ഷിക്കപ്പെടുന്നതുവരെ തന്റെ ചിതാഭസ്മം ഒഴുക്കരുതെന്നും അതുൽ വീഡിയോയിൽ പറഞ്ഞിരുന്നു.

കുറ്റക്കാർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ തന്റെ ആത്മാവിന് വേണ്ടി ചിതാഭസ്മം കോടതിക്ക് പുറത്തുള്ള ഓടയിൽ തള്ളണമെന്നും അതുൽ ആവശ്യപ്പെട്ടിരുന്നു. ഭാര്യയേയും അവരുടെ കുടുംബത്തേയും മൃതദേഹത്തിനരികിൽ പ്രവേശിപ്പിക്കരുതെന്നും ഇയാൾ ആവശ്യപ്പെട്ടു. തന്നെ ഉപദ്രവിച്ചവരെ ആവശ്യമെങ്കിൽ പൊതുസ്ഥലങ്ങളിൽവെച്ച് മാത്രം കാണുക.

എല്ലാവരും ചേർന്ന് തന്നെ കുടുക്കിയതാണെന്നും യുവാവ് ആരോപിച്ചിരുന്നു. സംഭവത്തിൽ ഭാര്യക്കും ബന്ധുക്കൾക്കും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തൻറെ മകൻ പീഡിപ്പിക്കപ്പെട്ടുവെന്നായിരുന്നു യുവാവിൻറെ അമ്മയുടെ പ്രതികരണം. സ്വകാര്യ കമ്പനിയിലെ എക്സിക്യൂട്ടിവ് എഡിറ്ററായിരുന്നു അതുൽ സുഭാഷ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button