ഒന്നരക്കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്; കണ്ണൂരിൽ കോൺഗ്രസ് നേതാവ് പിടിയിൽ

കണ്ണൂർ: കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവ് തമിഴ്‌നാട് പൊലീസിന്റെ പിടിയിലായി. കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി കല്ലിക്കോടൻ രാഗേഷിനെയാണ് തമിഴ്‌നാട് ക്യു ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഒന്നരക്കോടി രൂപയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരാതിയിലാണ് ഈ നടപടി.
കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ ഏറ്റവും അടുത്ത അനുയായിയും വിശ്വസ്തനുമായാണ് കല്ലിക്കോടൻ രാഗേഷ് രാഷ്ട്രീയ വൃത്തങ്ങളിൽ അറിയപ്പെടുന്നത്. കണ്ണൂർ ജില്ലയിലെ കോൺഗ്രസ് സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന രജീഷിന്റെ അപ്രതീക്ഷിത അറസ്റ്റ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കണ്ണൂരിലെത്തിയ തമിഴ്‌നാട് അന്വേഷണ സംഘം വളരെ വേഗത്തിലാണ് രാഗേഷിനെ കസ്റ്റഡിയിലെടുത്തത്. നിലവിൽ ഇദ്ദേഹത്തെ കൂടുതൽ ചോദ്യം ചെയ്യലിനായി കൊണ്ടുപോയതായാണ് റിപ്പോർട്ടുകൾ.
തട്ടിപ്പിന്റെ വ്യാപ്ത്‌തിയും ഇതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് കരുതുന്നത്.
സംഭവത്തെക്കുറിച്ച് കേരള പൊലീസും തമിഴ്‌നാട് ക്യു ബ്രാഞ്ചും തമ്മിൽ ആശയവിനിമയം നടത്തിവരികയാണ്. കേസിന്റെ കൂടുതൽ വിശദാംശങ്ങളും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമുള്ള നിയമനടപടികളും തമിഴ്‌നാട് പൊലീസ് ഉടൻ വ്യക്തമാക്കും.




