Uncategorized

രാഹുല്‍ മാങ്കൂട്ടത്തിൽ ഒളിവിലാണോ എന്നറിയില്ല, ഞാന്‍ പ്രവാചകനോ അന്വേഷണ ഏജന്‍സിയോ അല്ല: സണ്ണി ജോസഫ്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവിലാണോ എന്ന് തനിക്കറിയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. അതറിയാന്‍ താന്‍ പ്രവാചകനോ അന്വേഷണ ഏജന്‍സിയോ അല്ലെന്നാണ് സണ്ണി ജോസഫ് പറയുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കൊടുത്തിട്ടുണ്ടെന്ന് വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെ ആക്ഷേപം ഉയര്‍ന്നപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആക്ഷേപം ഉയര്‍ന്നപ്പോള്‍ തന്നെ അദ്ദേഹത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി സ്പീക്കര്‍ക്ക് കത്ത് കൊടുത്തിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ അദ്ദേഹം പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പമല്ല ഇരുന്നത്. അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. അതാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാട്’: സണ്ണി ജോസഫ് പറഞ്ഞു.

ഏറെ ബാധിക്കുന്നതും അലട്ടുന്നതുമായ പ്രശ്‌നം ശബരിമലയിലെ സ്വര്‍ണക്കൊളളയാണെന്നും സ്വര്‍ണമോഷണക്കേസിലെ മുഴുവന്‍ പ്രതികളെയും ഇതുവരെ പൊലീസ് കണ്ടെത്തിയിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. ‘പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. നഷ്ടപ്പെട്ട സ്വര്‍ണം എത്രയെന്ന് ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. കോടതിയുടെ ഇടപെടലുണ്ടായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ട് പോലും നഷ്ടപ്പെട്ട സ്വര്‍ണം കണ്ടെത്താനോ പ്രമുഖരായ പ്രതികളിലേക്ക് എത്താനോ ആയിട്ടില്ല. പിടിക്കപ്പെട്ട പ്രതികളില്‍ സിപി ഐഎമ്മിന്റെ ഉന്നത നേതാക്കന്മാരുണ്ട്. ജയിലില്‍ കഴിയുന്ന പാര്‍ട്ടി നേതാക്കളെ സര്‍ക്കാര്‍ ഇപ്പോഴും സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്’ സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button