Uncategorized

ബന്ധുക്കളെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിക്കുമ്പോൾ ശ്രദ്ധിക്കണമായിരുന്നു; കെപിസിസി യോഗത്തിൽ വിമർശനവുമായി എം എം ഹസൻ

തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫിന്റെ ബന്ധുനിയമനത്തില്‍ കെപിസിസി യോഗത്തില്‍ വിമര്‍ശനം. ബന്ധുക്കളെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കുമ്പോള്‍ ശ്രദ്ധിക്കണമായിരുന്നുവെന്ന് എം എം ഹസന്‍ പറഞ്ഞു. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതിനുശേഷം ആലോചിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ശുപാര്‍ശകളുമായി വരുമ്പോള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശനും യോഗത്തില്‍ വ്യക്തമാക്കി. പത്ത് വര്‍ഷമായി ഉപദ്രവിച്ചവര്‍ക്ക് വേണ്ടി ശുപാര്‍ശയുമായി വരരുത്. ശുപാര്‍ശ ഏറ്റെടുക്കും മുമ്പ് സ്വയം പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ശുപാര്‍ശകള്‍ കൃത്യമായി പരിശോധിച്ചതിന് ശേഷമേ അംഗീകരിക്കൂ. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ മൂന്ന് മാസത്തില്‍ ഒരിക്കല്‍ റിവ്യൂ ചെയ്യും.
തെറ്റുകുറ്റങ്ങള്‍ ഉണ്ടെങ്കില്‍ ശ്രദ്ധയില്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഏകോപിപ്പിക്കാന്‍ കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യവും കെപിസിസിയിലുയര്‍ന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം ഉന്നയിക്കപ്പെട്ടത്. രാഷ്ട്രീയകാര്യ സമിതി അംഗം എന്‍ സുബ്രഹ്‌മണ്യനാണ് ആവശ്യം ഉന്നയിച്ചത്. എന്‍ സുബ്രഹ്‌മണ്യന്റെ നിര്‍ദ്ദേശത്തെ പി ജെ കുര്യനും എം എം ഹസനും പിന്തുണച്ചു.

അതേസമയം, കെപിസിസി അധ്യക്ഷ പദവി ഒഴിയാന്‍ സണ്ണി ജോസഫ് സന്നദ്ധത അറിയിച്ചു. കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും ഒഴിവാക്കി തരണമെന്ന് ഹൈക്കാമാഡിനോട് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. മന്ത്രി പദവി ഏറ്റെടുത്ത സാഹചര്യത്തില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് സണ്ണി ജോസഫ് തന്നെ കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടത്. അടിയന്തരമായി പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സണ്ണി ജോസഫ് പദവിയൊഴിഞ്ഞാൽ ബെന്നി ബെഹനാന്‍, കൊടിക്കുന്നില്‍ സുരേഷ്, ജോസഫ് വാഴയ്ക്കന്‍ ഉള്‍പ്പെടെയുളള നേതാക്കളുടെ പേരുകളാണ് കെപിസിസി അധ്യക്ഷ പദവിയിലേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്. കെപിസിസിയില്‍ അടിമുടി പുനഃസംഘടനയാണ് എഐസിസി ആലോചിക്കുന്നതെന്നാണ് വിവരം. കെപിസിസിയിലെ മുഴുവന്‍ ഭാരവാഹികളെയും മാറ്റാനാണ് സാധ്യത.

അങ്ങനെയെങ്കിൽ വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ പി അനില്‍കുമാറിനും പി സി വിഷ്ണുനാഥിനും പകരക്കാര്‍ വരും. കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീണ്‍ കുമാറിന്റെ പേരും മുന്‍ ആരോഗ്യമന്ത്രി വി എസ് സുനില്‍ കുമാറിന്റെ പേരുമുള്‍പ്പെടെ പരിഗണനയിലുണ്ട്. നേരത്തെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണിക്കപ്പെട്ട് അവസരം ലഭിക്കാതെ പോയ നേതാക്കളെ അടക്കം ഉള്‍പ്പെടുത്തിയാകും പുതിയ കെപിസിസി രൂപീകരിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button