Uncategorized

‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’; സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യമെന്ന് കെ.സി വേണുഗോപാല്‍

തിരുവനന്തപുരം: ജാനകി സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെയും ഈ വിഷയത്തില്‍ മൗനം തുടരുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെയും രൂക്ഷവിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. സിനിമ ചോറാണെന്ന് ആവര്‍ത്തിച്ച് പറയുന്ന നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി തന്റെ സര്‍ക്കാരിന്റെ ചെയ്തികളില്‍ മൗനം തുടരുകയാണ്. സിനിമയ്ക്ക് വേണ്ടിയും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി ശബ്ദിക്കാന്‍ അദ്ദേഹം തയ്യാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തിയ വേണുഗോപാല്‍, സുരേഷ് ഗോപി മൗനം വെടിയണമെന്നും ആവശ്യപ്പെട്ടു. തന്റെ ചോറാണ് സിനിമയെന്ന് നിരവധി വട്ടം നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി പറയുന്നത് കേട്ടിട്ടുണ്ട്. ആ ചോറിന് മുകളില്‍ താന്‍ കൂടി ഭാഗമായൊരു സംവിധാനം മണ്ണ് വാരിയിടുന്നത് കണ്ടിട്ടും അദ്ദേഹം നിശബ്ദനാണ്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് മേല്‍ കത്തിവെയ്ക്കുന്ന നിലപാടാണ് സെന്‍സര്‍ ബോഡിന്റെതെന്നും വേണുഗോപാല്‍ പറഞ്ഞു. സിനിമയിലും സാഹിത്യത്തിലും തലക്കെട്ടും പേരും നിശ്ചയിക്കാന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യം അവയുടെ സൃഷ്ടാക്കള്‍ക്കുണ്ടെന്ന് കെ.സി.വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സെന്‍സര്‍ ബോര്‍ഡിന്റെ ഇന്നത്തെ നിലപാട് ആശങ്കയും ഭയവും സൃഷ്ടിക്കുന്നതാണ്. എമ്പുരാന്‍ സിനിമയ്ക്കും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ശേഷം അതിലെ ഭാഗങ്ങള്‍ വെട്ടിമാറ്റേണ്ടിവന്നു. ബിജെപി ഈ രാജ്യത്തെ എവിടേക്കാണ കൊണ്ടുപോകുന്നത്? ആരെയൊക്കെ ഭയപ്പെട്ടാണ് ഓരോ കലാകാരന്മാരും തങ്ങളുടെ കലാസൃഷ്ടികള്‍ക്ക് രൂപം നല്‍കേണ്ടത്? വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പും നിലപാട് വ്യക്തമാക്കണം. കോടതി വരെ കയറിയ ഈ വിഷയത്തില്‍ ഇപ്പോഴും കേന്ദ്രസര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നത് സംശയാസ്പദമാണ്. കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപിത അജണ്ടയാണിയിത്. ഇഷ്ടമുള്ള ഭക്ഷണവും വസ്ത്രവും പേരും ഒടുവില്‍ കലാരൂപവും എന്നതിലേക്കാണ് ബിജെപിയുടെ കേന്ദ്ര ഭരണകൂടം ലക്ഷ്യമിടുന്നതെന്നും കെ.സി.വേണുഗോപാല്‍ വിമര്‍ശിച്ചു.
രാമനും കൃഷ്ണനും സീതയും രാധയുമൊക്കെ ശീര്‍ഷകങ്ങളായും ആദിമധ്യാന്തം കഥാപാത്രങ്ങളുടെ പേരുകളായും പതിറ്റാണ്ടുകളോളമാണ് ഇന്ത്യന്‍ സിനിമയില്‍ നിലനിന്നത്. ആ സര്‍ഗാവിഷ്‌കാരങ്ങളുടെ കടയ്ക്കല്‍ കത്തി വെയ്ക്കാന്‍ കാലങ്ങളോളം ഒരു സ്ഥാപനവും മുതിര്‍ന്നിട്ടുമില്ല. സിനിമയായാലും സാഹിത്യമായാലും ഈ ശീര്‍ഷകങ്ങളും പേരുകളും നിശ്ചയിക്കാനുള്ള അവകാശം അത് സൃഷ്ടിച്ചവര്‍ക്കാണ്. ഇത് കല്പിച്ചുനല്‍കിയ അധികാരമല്ല, ഈ രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യമാണത്. ആ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം മാത്രമല്ല ഇത്. ഇന്ത്യന്‍ ഭരണഘടനയോടുള്ള അവഹേളനവും വെല്ലുവിളിയുമാണ്.

ഭാരതത്തില്‍ ജാതിമത ഭേദമന്യേ ബഹുഭൂരിപക്ഷം വ്യക്തിനാമങ്ങളും ഹിന്ദു പുരാണങ്ങളില്‍ നിന്നുള്ളവയാണ്. ഇത്തരം പേരുകളടങ്ങിയ ശീര്‍ഷകമുള്ള നിരവധി സിനിമകള്‍ രാജ്യത്തിറങ്ങിയിട്ടുമുണ്ട്. സെന്‍സര്‍ ബോര്‍ഡ് അന്നൊക്കെയും ജനാധിപത്യ സ്വഭാവമുള്ള, ആ സ്ഥാപനത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. അതിനപ്പുറമൊരു നിലപാട് സ്വീകരിക്കാനും ഭരണഘടനയ്ക്ക് ഒരു പോറല്‍ പോലുമേല്‍പ്പിക്കാനും അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അനുവദിച്ചിട്ടുമില്ല. ചരിത്രം അത് രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍, ഇന്ന് സെന്‍സര്‍ ബോര്‍ഡ് സ്വീകരിക്കുന്ന നിലപാട് ഒട്ടേറെ ആശങ്കകള്‍ക്കും ഭയപ്പാടിനും വഴിവയ്ക്കുന്നത് കൂടിയാണ്. യോജിക്കാന്‍ കഴിയില്ല, എന്ന് മാത്രമല്ല, അനുവദിക്കാന്‍ കഴിയുന്നതല്ല ഇത് എന്നത് കൂടിയാണ് ഈ വിഷയത്തില്‍ ഏവരും സ്വീകരിക്കേണ്ടുന്ന നിലപാട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button