കുവൈത്തില്‍ രണ്ട് ഇറ്റലിക്കാരുടെ മരണത്തിന് ഇടയാക്കിയ ഡ്രോണ്‍ ആക്രമണം; പിന്നില്‍ തങ്ങളല്ലെന്ന് ഇറാന്

ടെഹ്റാന്: കുവൈത്തില്‍ രണ്ട് ഇറ്റലിക്കാരുടെ മരണത്തിന് ഇടയാക്കിയ ഡ്രോണ്‍ ആക്രമണത്തിനു പിന്നില്‍ തങ്ങളല്ലെന്ന് ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി. ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രിയുമായും കുവൈത്ത് വിദേശകാര്യ മന്ത്രിയുമായും അരഗ്ചി ഫോണില്‍ സംസാരിച്ചു.സംഭവം സംശയാസ്പദമാണെന്നും യുദ്ധം പുനരാരംഭിക്കാന്‍ മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയാണെന്നും അരഗ്ചി എക്സ് പോസ്റ്റില്‍ പറയുന്നു.അമേരിക്കയെ വീണ്ടും യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ഇസ്രായേല്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അരഗ്ചി ആരോപിച്ചു.ഒരു പ്രധാന കേന്ദ്രത്തിലേക്ക് വന്ന ഇറാനിയന്‍ ഡ്രോണുകളെ തടയാനുള്ള ശ്രമത്തിനിടെ, വീണ അവശിഷ്ടങ്ങള്‍ തട്ടി രണ്ട് ഇറ്റലിക്കാര്‍ മരിച്ചതായാണ് കുവൈറ്റ് അധികൃതര്‍ അറിയിച്ചത്. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ഇരുരാജ്യങ്ങളും ആരോപിച്ചിരുന്നു. പരുക്കേറ്റവരില്‍ രണ്ട് ഇറ്റാലിയന്‍ പൗരന്മാരും, ഒരു കുവൈറ്റ് പൗരനും, ഒരു പാകിസ്താന് പൗരനും ഉള്‍പ്പെടുന്നു.
ജര്‍മ്മന്‍ പ്രതിരോധ കമ്പനിയായ റൈന്മെറ്റലിന്റെ ഇറ്റാലിയന്‍ സഹസ്ഥാപനമായ റൈന്‍മെറ്റല്‍ ഇറ്റാലിയയിലെ ടെക്നീഷ്യന്മാന്മാരാണ് ഇന്ന് നടന്ന ഇറാന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കുവൈത്തിലെ തന്ത്രപ്രധാന കേന്ദ്രത്തെയാണ് ഡ്രോണുകള്‍ ലക്ഷ്യം വച്ചതെന്നാണ് വ്യോമപ്രതിരോധ സേന അറിയിച്ചിരിക്കുന്നത്. ഇറാനിയന്‍ ഡ്രോണുകള്‍ തകര്‍ത്തതായും സേന അറിയിച്ചു.
അതേസമയം, സൗദി അറേബ്യയിലെ ജസാന്‍ മേഖലയിലെ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു നേപ്പാളി തൊഴിലാളി കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. റിഫൈനറിയിലെ ചില പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായും ആക്രമണത്തെത്തുടര്‍ന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായും സൗദി പ്രസ് ഏജന്‍സി പറഞ്ഞു. ആക്രമണത്തെത്തുടര്‍ന്ന് എണ്ണ ശുദ്ധീകരണശാലയിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായും തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായും സൗദി ഊര്‍ജ്ജ മന്ത്രാലയം വ്യക്തമാക്കി.
അതിനിടെ, യെമനിലെ ഹൊദൈദ ഗവര്‍ണറേറ്റിലെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണ ഇടം തകര്‍ത്തതായി സൗദി സഖ്യസേന അവകാശപ്പെട്ടു.



