Uncategorized

ഇഎസ്എ വിഷയത്തിൽ എൽഡിഎഫ് ജനങ്ങളിൽ ഭീതി പരത്തുന്നു: കൊട്ടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി

​കൊട്ടിയൂർ: പരിസ്ഥിതിലോല പ്രദേശവുമായി (ESA) ബന്ധപ്പെട്ട് എൽഡിഎഫ് ജനങ്ങൾക്കിടയിൽ അനാവശ്യമായ ഭീതിയും ആശങ്കയും ഉണ്ടാക്കുകയാണെന്ന് കൊട്ടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. എൽഡിഎഫ് ഭരണകാലത്ത് അഞ്ചോളം കരട് വിജ്ഞാപനങ്ങൾ പുറത്തുവന്നിട്ടും ശാശ്വതമായ പരിഹാരം കാണാൻ ശ്രമിക്കാത്ത മുൻ സർക്കാർ, ഭരണത്തിൽ നിന്ന് മാറിയപ്പോൾ ജനങ്ങളെ ഭയപ്പെടുത്തുകയും കൊട്ടിയൂരിന്റെ വികസന സാധ്യതകൾ ഇല്ലാതാക്കാൻ ശ്രമിക്കുകയുമാണെന്ന് നേതൃയോഗം കുറ്റപ്പെടുത്തി.
​ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും തോട്ടങ്ങളെയും പൂർണ്ണമായും ഇഎസ്എ പരിധിയിൽ നിന്ന് ഒഴിവാക്കിയുള്ള റിപ്പോർട്ടും പ്ലാനും യുഡിഎഫ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും നേതാക്കൾ വ്യക്തമാക്കി. രാഷ്ട്രീയ മുതലെടുപ്പിനായി അനാവശ്യ സമരങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുന്നത് കൊട്ടിയൂർ അടക്കമുള്ള പ്രദേശങ്ങളുടെ വളർച്ചയ്ക്ക് ദോഷകരമാകുമെന്നും യോഗം ഓർമ്മിപ്പിച്ചു.
​എൽഡിഎഫ് പ്രചാരണങ്ങളിലെ കണക്കുകളുടെ അവ്യക്തത നീക്കാൻ ഡിജിറ്റൽ സർവേ പൂർത്തിയാക്കേണ്ടതുണ്ട്. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഇഎസ്എ ഉൾപ്പെടുന്ന വനഭൂമിയും വേർതിരിച്ച് വ്യക്തത വരുത്താൻ ഡിജിറ്റൽ സർവേ അനിവാര്യമാണ്. ഡിജിറ്റൽ സർവേ നടപടികൾ ഉടൻ ആരംഭിച്ച് വേഗത്തിൽ പൂർത്തിയാക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്.
​കൊട്ടിയൂരിന്റെ സമഗ്ര വികസനത്തിനായി നിരവധി പദ്ധതികൾക്ക് സർക്കാർ തുടക്കം കുറിച്ചുകഴിഞ്ഞു. പ്രതിസന്ധികൾ തരണം ചെയ്ത് കാർഷിക മേഖലയിൽ മുന്നേറിയ കുടിയേറ്റ ജനതയുടെ സുരക്ഷയ്ക്കായി വന്യമൃഗശല്യം തടയുന്നതിനും കൃഷിഭൂമി സംരക്ഷിക്കുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി പ്രദേശത്തിന്റെ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളും വിവിധ സർക്കാർ വകുപ്പുകളുടെ ഓഫീസുകൾ കൊട്ടിയൂരിൽ കൊണ്ടുവരുന്നതിനുള്ള സഹായങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.
​ജനങ്ങൾക്കിടയിൽ ഭീതി പരത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങളിൽ നിന്ന് എൽഡിഎഫ് പിന്മാറണമെന്ന് മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. ഡിസിസി സെക്രട്ടറി, ബ്ലോക്ക്-മണ്ഡലം കമ്മിറ്റി ഭാരവാഹികൾ, പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button