യുദ്ധം ഉടൻ അവസാനിപ്പിക്കണം ; ശക്തമായ എതിർപ്പുമായി അമേരിക്കൻ ജനത

വാഷിങ്ടൺ : അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ നടത്തുന്ന യുദ്ധത്തിൽ അമേരിക്കൻ ജനതയുടെ പിന്തുണയില്ലെന്ന് സർവേ റിപ്പോർട്ട്. യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്നാണ് ഭൂരിപക്ഷം അമേരിക്കക്കാരും ആഗ്രഹിക്കുന്നതെന്ന് സർവേ ഫലം വ്യക്തമാക്കുന്നു. യൂണിവേഴ്‌സിറ്റി ഓഫ് മേരിലാൻഡും ഗവേഷണ സ്ഥാപനമായ ഇപ്‌സോസും ചേർന്നാണ് ക്രിട്ടിക്കൽ ഇഷ്യൂസ് പോൾ സംഘടിപ്പിച്ചത്.
യുദ്ധം അവസാനിപ്പിക്കാൻ നിബന്ധനകൾ പരിഗണിക്കേണ്ടതില്ലെന്ന അഭിപ്രായമാണ് 55 ശതമാനം പേരും പങ്കുവെച്ചത്. എത്രയും വേഗം യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഇവരുടെ നിലപാട്.
സർവേയിൽ പങ്കെടുത്ത് യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടവരിൽ 80 ശതമാനം പേർ ഡെമോക്രാറ്റിക് പാർട്ടി അനുഭാവികളും 59 ശതമാനം പേർ സ്വതന്ത്ര വോട്ടർമാരുമാണ്. 25 ശതമാനം റിപ്പബ്ലിക്കൻ പാർട്ടി അനുഭാവികളും ഇതേ നിലപാടിനെ പിന്തുണച്ചു.
നിലവിലെ സൈനിക നടപടികൾ തുടരണമെന്ന് 21 ശതമാനം പേരും സൈനിക നീക്കം കൂടുതൽ ശക്തമാക്കണമെന്ന് 18 ശതമാനം പേരും മാത്രമാണ് അഭിപ്രായപ്പെട്ടത്. ഇറാന്റെ ആണവായുധ വികസന ശേഷി ദുർബലപ്പെടുത്താൻ യുദ്ധം സഹായിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നത് 28 ശതമാനം പേർ മാത്രമാണ്.




