പാണത്തൂരിലെ റബര്‍ തോട്ടത്തില്‍ അഞ്ചുവയസുള്ള പുലി ചത്ത നിലയില്‍

പാണത്തൂര്‍ (കാസര്‍ഗോഡ്): കല്ലപ്പള്ളി പെരുമുണ്ടയില്‍ പുലിയെ റബര്‍ തോട്ടത്തില്‍ ചത്തനിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെയാണ് റബര്‍ തോട്ടത്തില്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തിയത്. അഞ്ചു വയസ് പ്രായം വരുന്ന ആണ്‍പുലിയുടെ ജഡമാണ് സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ കണ്ടെത്.
റബര്‍ വെട്ടാന്‍ എത്തിയ തൊഴിലാളികളാണ് പുലിയെ ചത്ത നിലയില്‍ കണ്ടത്. ജഡത്തില്‍ പരിക്കുകളോ മറ്റു പാടുകളോ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താനായില്ല. വിഷാംശം ഉള്ളില്‍ ചെന്നതാകാമോ മരണകാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിയൂയെന്ന് അധികൃതര്‍ പറഞ്ഞു. വയനാട് നിന്നും മൃഗഡോക്ടര്‍ എത്തി വൈകുന്നേരം പോസ്റ്റുമോര്‍ട്ടം നടത്തി. കള്ളാര്‍ ഫോറസ്റ്റ് ഓഫീസില്‍ എത്തിച്ച ജഡം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം എന്‍ടിസിഎ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പുലിയുടെ ജഡം സംസ്കരിച്ചു.




