അമേരിക്കൻ നാവിക ഉപരോധത്തിനെതിരെ സൈനിക നടപടിക്ക് ഇറാൻ

അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധത്തിനെതിരെ സൈനിക ശക്തി ഉപയോഗിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ. അന്താരാഷ്ട്ര നിയമപ്രകാരം ഒരു രാജ്യത്തിന് സ്വയം പ്രതിരോധിക്കാൻ ഏത് മാർഗവും സ്വീകരിക്കാമെന്നും ഇറാൻ വ്യക്തമാക്കി. നാവിക ഉപരോധം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ടെഹ്റാന്റെ മുന്നറിയിപ്പ്.
യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ മുന്നോട്ടുവച്ച ഏഴ് നിബന്ധനകൾ അംഗീകരിക്കുന്നതുവരെ ഐക്യരാഷ്ട്രസഭയുടെ ആണവ പരിശോധനകളോട് സഹകരിക്കില്ലെന്നും മുതിർന്ന ഇറാനിയൻ നിയമനിർമാതാവ് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിബന്ധനകൾ പാലിക്കാതെ ആണവ പരിശോധനകൾ പുനരാരംഭിക്കില്ലെന്നാണ് ഇറാന്റെ നിലപാട്. ഇറാനെതിരായ യുദ്ധത്തിൽ അമേരിക്ക സ്വീകരിച്ച തന്ത്രങ്ങൾ വലിയ പരാജയമാണെന്ന് പാർലമെന്റിന്റെ ദേശീയ സുരക്ഷാ-വിദേശ നയ സമിതി ചെയർമാൻ ഇബ്രാഹിം അസീസി പറഞ്ഞു.അതേസമയം, യമനിലെ ഹൂദൈദയിൽ ടെലികമ്മ്യൂണിക്കേഷൻസ് കെട്ടിടത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ മരിച്ചവരുടെ എണ്ണം പത്തായി ഉയർന്നു. 20 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൗദി വിമാനം ഹൂദൈദയിലെ പബ്ലിക് ടെലികമ്മ്യൂണിക്കേഷൻസ് കോർപ്പറേഷന്റെ കെട്ടിടത്തിന് നേരെ നാല് തവണ ആക്രമണം നടത്തിയെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോർട്ട്. തുടക്കത്തിൽ നാല് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ആക്രമണത്തിൽ കെട്ടിടത്തിന് വലിയ നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.




