Uncategorized

കേരളത്തിലേക്ക് എംഡിഎംഎ കടത്ത്; മുംബൈയിൽ കൊണ്ടോട്ടി പൊലീസിന്റെ ഓപ്പറേഷൻ; നൈജീരിയൻ പൗരനും മുംബൈ സ്വദേശിനിയായ ഭാര്യയും പിടിയിൽ

മലപ്പുറം: കേരളത്തിലേക്കും കര്‍ണാടകയിലേക്കും എം.ഡി.എം.എ കടത്തുന്ന സംഘത്തിലെ പ്രധാനികളായ നൈജീരിയന്‍ പൗരനെയും ഭാര്യയെയും കൊണ്ടോട്ടി പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് മുംബൈയില്‍നിന്ന് അറസ്റ്റ് ചെയ്തു. നൈജീരിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇക്കേചുക്യു പോള്‍ ഒഗ്‌ബോണ്ണ (40), ഭാര്യ ആര്‍ഥി (42) എന്നിവര്‍ പിടിയിലായത്. മുംബൈയില്‍നിന്ന് കൊണ്ടോട്ടിയിലെത്തിച്ച പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ജൂണ്‍ 26ന് പുളിക്കല്‍ അരൂരില്‍നിന്ന് എം.ഡി.എം.എയുമായി തട്ടാരംചോല രതീഷ് (38) പിടിയിലായതോടെയാണ് ലഹരിക്കടത്ത് സംഘത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പുളിക്കല്‍ അരൂര്‍ സ്വദേശി ഷഫീഖ്, കുറ്റിപ്പുറം സ്വദേശി ഹാരിസ്, പാലക്കാട് സ്വദേശി സലാഹുദ്ദീന്‍, മലപ്പുറം ചോക്കാട് സ്വദേശി അജ്മല്‍, തിരുവനന്തപുരം സ്വദേശി സൂര്യ, മഞ്ചേരി സ്വദേശി ജാബിര്‍ അലി, തമിഴ്‌നാട് ഊട്ടി സ്വദേശി കാര്‍ത്തിക് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘം മുംബൈയിലെത്തി പോളിനെയും ഭാര്യയെയും പിടികൂടിയത്. ലഹരിക്കടത്ത് ശൃംഖലയിലെ പ്രധാന കണ്ണിയാണ് പോളെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഏകദേശം 15 വര്‍ഷം മുമ്പ് ഇന്ത്യയിലെത്തിയ ഇയാള്‍ എട്ട് വര്‍ഷം മുമ്പ് മുംബൈ സ്വദേശിനിയായ ആര്‍ഥിയെ വിവാഹം കഴിച്ച് അവിടെ കുടുംബമായി താമസിച്ചുവരികയായിരുന്നു.ലഹരിവില്‍പ്പനയിലൂടെ കോടിക്കണക്കിന് രൂപ സമ്പാദിച്ച ഇവര്‍ ഇടപാടുകളിലൂടെ ലഭിക്കുന്ന പണം വേഗത്തില്‍ നൈജീരിയയിലേക്ക് കൈമാറിയിരുന്നതായും പൊലീസ് അറിയിച്ചു. കേരളത്തിലും കര്‍ണാടകയിലും പ്രവര്‍ത്തിച്ചിരുന്ന ലഹരിക്കടത്ത് ശൃംഖലയുടെ കൂടുതല്‍ കണ്ണികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button