ഹിന്ദുവിരുദ്ധവും സനാതനവിരുദ്ധവും; കാര്‍ത്തികദീപം വിവാദത്തില്‍ തമിഴ്നാട് സര്‍ക്കാരിനെതിരെ ബിജെപി

ചെന്നൈ: മധുരയിലെ തിരുപ്രംകുണ്ട്രം കുന്നിന്മുകളിലെ ദര്‍ഗയ്ക്ക് സമീപമുള്ള ദീപത്തൂണില്‍ നവംബര്‍ 24ന് കാര്‍ത്തിക ദീപം തെളിയിക്കാന്‍ അനുമതി നല്കിയ സുപ്രീം കോടതി ഉത്തരവിനെതിരെ പുനഃപരിശോധനാ ഹര്‍ജി (Review Petition) നല്കിയ തമിഴ്നാട് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി. തമിഴ്നാട് സര്‍ക്കാര്‍ ഹിന്ദുവിരുദ്ധവും സനാതനവിരുദ്ധവുമാണെന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം.
തിരുപ്രംകുണ്ട്രം കുന്നിന്മുകളിലെ ‘ദീപത്തൂണില്‍’ നവംബര്‍ 24ന് ഒറ്റത്തവണ നടപടിയെന്ന നിലയില്‍ പരമ്പരാഗത കാര്‍ത്തിക ദീപം തെളിക്കാന്‍ വെള്ളിയാഴ്ചയാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. എന്നാല്‍, വിധി വന്ന് തൊട്ടടുത്ത ദിവസം (ശനിയാഴ്ച), തമിഴ്നാട് ഹിന്ദു റിലീജ്യസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ഡിപ്പാര്‍ട്മെന്റ് (Hindu Religious and Charitable Endowment – Department – HR&CE Department) കമ്മീഷണര്‍ ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി ഫയല്‍ ചെയ്തു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിനെതിരെ ബിജെപി രംഗത്തെത്തിയത്.
സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പിലാക്കാതിരിക്കാന്‍ തമിഴ്നാട്ടിലെ ഇന്‍ഡ്യ (INDIA) സഖ്യ സര്‍ക്കാര്‍ സകല ശ്രമങ്ങളും നടത്തുന്നത് വളരെ നിര്‍ഭാഗ്യകരമാണ്. ഇത് കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും ഭരണഘടനാ വിരുദ്ധമായ മനോഭാവത്തെയും ഹിന്ദു ധര്‍മത്തോടുള്ള വെറുപ്പിനെയുമാണ് കാണിക്കുന്നതെന്ന് ബിജെപി വക്താവും രാജ്യസഭാ എം.പിയുമായ സുധാംശു ത്രിവേദി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സുപ്രീം കോടതിയുടെ വെള്ളിയാഴ്ചത്തെ വിധി ഉടന്‍ തന്നെ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.തിരുപ്രംകുണ്ഡ്രം കുന്നിന് മുകളിലെ തര്‍ക്കസ്ഥലമായ ദീപത്തൂണില്‍ കാര്‍ത്തികദീപം തെളിയിക്കാന്‍ അനുമതി നല്കിയ മദ്രാസ് ഹൈക്കോടതി വിധിയിലെ നിരീക്ഷണങ്ങള്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. അതേസമയം, ഈ വര്‍ഷത്തെ കാര്‍ത്തികദീപം നവംബര്‍ 24ന് നടക്കാനിരിക്കെ, ദീപത്തൂണില്‍ ഒറ്റത്തവണത്തേക്ക് വിളക്ക് തെളിയിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കുകയും ചെയ്തിരുന്നു. ഈ നടപടിയെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന് സമര്‍പ്പിച്ചത്.
ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, വിപുല്‍ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു നടപടി. എന്നാല്‍, ഈ അനുമതിയെ തര്‍ക്കസ്ഥലത്ത് ദീപം തെളിയിക്കുന്നതിന് പാരമ്പര്യ ആചാരമുണ്ടെന്ന വാദത്തിനുള്ള അന്തിമ അംഗീകാരമായി കാണരുതെന്ന് കോടതി വ്യക്തമാക്കി. വരും വര്‍ഷങ്ങളില്‍ ഈ ഉത്തരവ് കീഴ്വഴക്കമായി ചൂണ്ടിക്കാട്ടാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
ചടങ്ങില്‍ ക്ഷേത്ര ഭരണസമിതിയുടെ അംഗീകൃത പ്രതിനിധികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മാത്രമായിരിക്കും പ്രവേശനം. പൊതുജനങ്ങള്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടാകില്ല. കൂടാതെ, ചടങ്ങിനിടെ ഘോഷയാത്ര, പൊതുയോഗം, മുദ്രാവാക്യം വിളിക്കല്, പ്രതിഷേധ പ്രകടനം എന്നിവയും പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു.
ക്ഷേത്ര ഭരണസമിതി, പുരാവസ്തു വകുപ്പ്, സിറ്റി പൊലീസ് എന്നിവരുമായി കൂടിയാലോചിച്ച് ചടങ്ങിനുള്ള ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കാനുള്ള ചുമതല മധുരൈ ജില്ലാ കലക്ടര്‍ക്കാണ് കോടതി നല്‍കിയത്. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ കേന്ദ്ര വ്യവസായ സുരക്ഷാ സേനയെയും (സി.ഐ.എസ്.എഫ്) വിന്യസിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കി. തിരുപ്രംകുണ്ട്രം കുന്നിന് മുകളിലുള്ള ദര്‍ഗയില്‍നിന്ന് ഏകദേശം 50 മീറ്റര്‍ അകലെയുള്ള ദീപത്തൂണിലാണോ, അതോ ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിന് സമീപമുള്ള മണ്ഡപത്തിലാണോ കാര്‍ത്തികദീപം തെളിയിക്കേണ്ടത് എന്നതാണ് തര്‍ക്കത്തിന്റെ കാതല്‍.പരമ്പരാഗതമായി മണ്ഡപത്തിലാണ് കാര്‍ത്തികദീപം തെളിയിക്കുന്നതെന്നാണ് ക്ഷേത്ര ഭരണസമിതിയുടെ നിലപാട്. എന്നാല്‍, 2025 ഡിസംബറില്‍ മദ്രാസ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ദീപത്തൂണില്‍ വിളക്ക് തെളിയിക്കാന്‍ ക്ഷേത്ര ഭരണസമിതിക്ക് നിര്‍ദേശം നല്കി. ആര്‍എസ്എസ് അനുഭാവമുള്ള ജസ്റ്റിസ് ആര് സ്വാമിനാഥന്റേതായിരുന്നു വിധി. 2026 ജനുവരി ആറിന് ഡിവിഷന് ബെഞ്ചും ഈ ഉത്തരവ് ശരിവെച്ചു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച എതിര്‍വാദങ്ങളും കോടതി തള്ളി. തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവുകള്‍ക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.




