ഗുരുവായൂരിൽ ഇന്ന് വിവാഹമാമാങ്കം; റെക്കോർഡ് കുറിച്ച് ഇന്ന് നടക്കുക 437 വിവാഹങ്ങൾ

തൃശൂർ: ഗുരുവായൂർ ക്ഷേത്രം ഇന്ന് റെക്കോർഡ് വിവാഹത്തിന് സാക്ഷിയാകും. 437 വിവാഹങ്ങളാണ് ഇന്ന് ഗുരുവായൂരിൽ നടക്കുക. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വിവാഹങ്ങൾക്ക് ഗുരുവായൂർ അമ്പലം വേദിയാകുന്നത്. പുലർച്ചെ നാല് മണി മുതൽ ആറ് മണ്ഡപങ്ങളിലായാണ് വിവാഹങ്ങൾക്ക് തുടക്കമായത്. ചിങ്ങമാസത്തിലെ ആദ്യത്തെ ഞായാറാഴ്ചയാണ് ഇന്ന്.
ഇതിന് മുമ്പ് 2024 സെപ്റ്റംബർ എട്ടിനായിരുന്നു ഗുരുവായൂരിൽ ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടന്നത്. അന്ന് 354 വിവാഹങ്ങളായിരുന്നു ഇവിടെ നടന്നത്. പുലർച്ചെ നാല് മണിക്ക് മംഗളവാദ്യത്തിൻ്റെ അകമ്പടിയിൽ കണ്ണൂർ തലശ്ശേരി സ്വദേശി ആർണവ് മോഹൻ കുമാർ പഴയങ്ങാടി സ്വദേശിനി വിദ്യാ ആനന്ദ് രാജിന് താലിചാർത്തിയതോടെയാണ് ഗുരുവായൂരിലെ റെക്കോർഡ് വിവാഹങ്ങൾക്ക് തുടക്കമായത്. പുലർച്ചെ 4.10ഓടെ ക്ഷേത്രം കിഴക്കേ നടയിലെ ഒന്നാം നമ്പർ മണ്ഡപത്തിൽ ദേവസ്വം ചെയർമാൻ എ വിഗോപിനാഥ് ഭദ്രദീപം തെളിച്ചതോടെയാണ് വിവാഹങ്ങൾക്ക് തുടക്കമായത്. തുടർന്ന് മറ്റ് 5 മണ്ഡപങ്ങളിലും വിവാഹ ചടങ്ങുകൾ ആരംഭിക്കുകയായിരുന്നു.




