ട്രെയിൻ കോച്ചിൽ 54കാരിയെ പീഡിപ്പിച്ച് കൊന്നു; തുമ്പായത് സ്വർണമോതിരത്തിലെ ഹാൾമാർക്ക്

നാഗർകോവിൽ: തമിഴ്നാട്ടിലെ നാഗർകോവിൽ റെയിൽവേ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിനുള്ളിൽ 54കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ യാചകൻ അറസ്റ്റിൽ. നാഗർകോവിൽ ചെമ്പകരാമൻപുത്തൂർ സ്വദേശി ജെ. അയ്യപ്പൻ (31) ആണ് പിടിയിലായത്. മൂന്നു മാസം മുൻപ് കാണാതായ മധ്യപ്രദേശ് സ്വദേശിനിയാണ് കൊല്ലപ്പെട്ടത്അറ്റകുറ്റപ്പണികൾക്കായി ഈ മാസം 11 മുതൽ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിലെ ഭിന്നശേഷിക്കാർക്കുള്ള കോച്ചിൽ 18-നാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മറ്റൊരു ട്രെയിനിൽ ഘടിപ്പിക്കുന്നതിനായി കോച്ച് വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ട് പൊലിസിനെ വിവരമറിയിച്ചത്. 13-ന് അർധരാത്രി 12.30-ഓടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലിസിന്റെ നിഗമനം.
റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ അലഞ്ഞുതിരിഞ്ഞ് യാചിച്ചുനടന്നിരുന്ന പ്രതി കൊല്ലപ്പെട്ട സ്ത്രീയെ നേരത്തെയും പലതവണ കണ്ടിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. സംഭവദിവസം അർധരാത്രി അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിലൂടെ നടന്നുപോവുകയായിരുന്ന ഇവരെ പ്രതി ബലമായി ആളൊഴിഞ്ഞ കോച്ചിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ആയുധങ്ങളൊന്നും ഉപയോഗിക്കാതെ കൈകൊണ്ട് മർദിക്കുകയും നെഞ്ചിൽ ചവിട്ടുകയും ചെയ്താണ് കൊലപ്പെടുത്തിയത്. പ്രാഥമിക പരിശോധനയിൽ സ്ത്രീയുടെ വാരിയെല്ലുകൾ ഒടിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.
മൃതദേഹത്തിൽനിന്ന് തിരിച്ചറിയൽ രേഖകളൊന്നും ലഭിക്കാതിരുന്നതിനാൽ വിരലിലുണ്ടായിരുന്ന പാമ്പിന്റെ രൂപത്തിലുള്ള സ്വർണമോതിരത്തിലെ ഹാൾമാർക്ക് മുദ്ര കേന്ദ്രീകരിച്ചായിരുന്നു പൊലിസിന്റെ അന്വേഷണം. തിരുച്ചിറപ്പള്ളി റെയിൽവേ എസ്പി ആദർശ് പച്ചേരയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണം ഗുജറാത്തിലെ സ്വർണവ്യാപാരിയിലേക്കും തുടർന്ന് മോതിരം വിറ്റ ഛത്തീസ്ഗഡിലെ റായ്പുരിലുള്ള ജ്വല്ലറിയിലേക്കും നീണ്ടു.
ജ്വല്ലറിയിൽനിന്ന് ലഭിച്ച പാൻ കാർഡ് വിവരങ്ങളിലൂടെയാണ് മധ്യപ്രദേശിൽനിന്ന് കാണാതായ സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചത്. വിവരമറിഞ്ഞ് ഇവരുടെ ഭർത്താവും മക്കളും നാഗർകോവിലിലേക്ക് തിരിച്ചിട്ടുണ്ട്.
ഇൻസ്പെക്ടർ കാതറിൻ സുജാതയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ 14-ന് പുലർച്ചെ വെള്ളമുണ്ടും ഷർട്ടും ധരിച്ച ഒരാൾ കോച്ചിൽനിന്ന് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് സംശയമുള്ള മൂന്നുപേരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ, കേസ് അന്വേഷണം ആരംഭിച്ച് ആറു മണിക്കൂറിനുള്ളിൽത്തന്നെ അയ്യപ്പനെ പിടികൂടുകയായിരുന്നു.
പ്രതി കുറ്റം സമ്മതിച്ചതായും രക്തക്കറ പുരണ്ട ഇയാളുടെ ഷർട്ട് ഓടയിൽനിന്ന് കണ്ടെടുത്തതായും പൊലിസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.



