Uncategorized

വാടാനപ്പള്ളിയിൽ ഡംബലുകൊണ്ടും കല്ലുകൊണ്ടും 40 കാരനെ തല്ലിക്കൊന്ന കേസ്; 18 കാരനും പ്രായപൂർത്തിയാകാത്ത 2 പേരും പിടിയിൽ, നടന്നത് ക്രൂരത

തൃശൂര്‍: വാടാനപ്പള്ളി ഫസല്‍ നഗര്‍ പടിഞ്ഞാറ് കടപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. വാടാനപ്പള്ളി സ്വദേശി പണിക്ക വീട്ടില്‍ മുഹമ്മദ് റാസില്‍ (ബിലാല്‍ 18), പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരുമാണ് പിടിയിലായത്. ഈകേസില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബിന്‍ഷാദ് ഉള്‍പ്പെടെ രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. വാടാനപ്പള്ളി സ്വദേശിയായ രായം മരക്കാര്‍ വീട്ടില്‍ അബ്ദുള്‍ സലാമിനെ (40)യാണ് കഴിഞ്ഞ ബുധനാഴ്ച രാവിലെ വാടാനപ്പള്ളി ഫസല്‍ നഗര്‍ കടപ്പുറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിലും തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലുമാണ് സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

ക്രൂരമായ മര്‍ദ്ദനത്തിനിരയായാണ് അബ്ദള്‍ സലാം കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരമാസകലം മുറിവുകളുണ്ട്. മര്‍ദ്ദനത്തില്‍ ഇയാളുടെ വാരിയെല്ലുകള്‍ തകര്‍ന്ന നിലയിലായിരുന്നു. കൈ കാല്‍ മുട്ടുകള്‍ ഒടിഞ്ഞു. കൂടാതെ ജനനേന്ദ്രിയത്തിലും ഗുരുതരമായ പരുക്കുണ്ട്. ഭാര്യയോടൊപ്പം വാളയാറില്‍ താമസിക്കുന്ന അബ്ദുള്‍ സലാമിന് വാടാനപ്പള്ളിയില്‍ ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ചൊവ്വാഴ് രാത്രിയാണ് പ്രതികള്‍ സലാമുമായി വാക്കുതര്‍ക്കവും സംഘര്‍ഷവുമുണ്ടായത്. തര്‍ക്കം രൂക്ഷമായതോടെ ഇവര്‍ സംഘം ചേര്‍ന്ന് ഡംബല്‍, കല്ല് എന്നിവ ഉപയോഗിച്ച് സലാമിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മര്‍ദ്ദനം പൂര്‍ണമായും ഇവര്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതായി ചോദ്യം ചെയ്യലില്‍ പ്രതികൾ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വീഡിയോ പിന്നീട് ഡിലീറ്റ് ചെയ്തു. ഇവ വീണ്ടെടുക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പൊലീസ്. മരിച്ചുവെന്ന് ഉറപ്പായതോടെ മൃതദേഹം ഉപേക്ഷിച്ച് ഇവര്‍ കടന്നു കളയുകയായിരുന്നു. കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ ആക്രമണമാണെന്നും പൊലീസ് പറഞ്ഞു. ഒളിവിലുള്ള മുഖ്യപ്രതി ബിന്‍ഷാദ് 37 കേസുകളില്‍ പ്രതിയാണ്. കാപ്പ പ്രകാരം നാടുകടത്തല്‍ കഴിഞ്ഞ് 18 ദിവസം മുമ്പാണ് ഇയാള്‍ പുറത്തിറങ്ങിയത്. 18 വയസില്‍ താഴെയുള്ള കുട്ടികളെ ആക്രമണങ്ങളിലേയ്ക്ക് നയിക്കുകയാണ് ഇയാളെന്നും പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button