സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങി, കെഎസ്ഇബി സബ് എൻജിനീയർക്ക് സസ്പെൻഷൻ

കണ്ണൂർ: മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ കെഎസ്ഇബി സബ് എൻജിനീയർക്ക് സസ്പെൻഷൻ. കണ്ണൂർ സെക്ഷൻ സബ് എൻജിനീയർ പി.വി.സതീഷ് ബാബുവിനെയാണ് സസ്പെൻഡ് ചെയ്തത്. കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയറുടേതാണ് നടപടി. ശനിയാഴ്ച രാവിലെ മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത കേരള സഹകരണ റിസ്ക് ഫണ്ട് ധനസഹായ വിതരണ പരിപാടിക്കിടെയായിരുന്നു അപ്രതീക്ഷിതമായി വൈദ്യുതി നിലച്ചത്. അറ്റകുറ്റപ്പണികൾക്കായി ലൈൻ ഓഫ് ചെയ്തതായിരുന്നു വൈദ്യുതി മുടങ്ങാൻ കാരണമെന്നാണ് പ്രാഥമിക വിവരം. പിന്നീട് ജനറേറ്റർ എത്തിച്ചാണ് പരിപാടി പുനരാരംഭിച്ചത്. സംഭവത്തിൽ ഗൂഢാലോചന സംശയിച്ച് കോൺഗ്രസ് നേതാവും എംഎൽഎയുമായ ടി.ഒ.മോഹനൻ കെഎസ്ഇബി ചെയർമാന് പരാതി നൽകിയിരുന്നു. മുൻകൂട്ടി അറിയിക്കാതെ വൈദ്യുതി വിച്ഛേദിച്ചതിന് പിന്നിൽ ദുരുദ്ദേശ്യമുണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
സർക്കാർ പരിപാടികൾ വിവിധ സ്ഥലങ്ങളിൽ അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും കണ്ണൂരിലെ സംഭവത്തിലും വിശദമായ അന്വേഷണം വേണമെന്നും ടി.ഒ. മോഹനൻ ആവശ്യപ്പെട്ടു. അതേസമയം അറ്റകുറ്റപ്പണിക്കായി വൈദ്യുതി ബന്ധം വിച്ഛേദിച്ച നടപടിയുമായി ബന്ധപ്പെട്ടാണ് സബ് എൻജിനീയർക്കെതിരെ സസ്പെൻഷൻ ഉണ്ടായിരിക്കുന്നത്



