മൃതദേഹവുമായി പോയ ആംബുലൻസ് പിക്കപ്പ് വാനിലിടിച്ച് അഞ്ചുപേർ മരിച്ചു

ലക്നോ: ജയ്പൂരിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് മൃതദേഹവുമായി പോവുകയായിരുന്ന ആംബുലൻസ് പിക്കപ്പ് വാനിലിടിച്ച് അഞ്ച് പേർ മരിച്ചു. മക്ബൂൽ ഖാൻ (62), അമിനുൽ ഹഖ് (38), ഹരി മോം യോഗി (33), റഫീഖ് (50), ആലം എന്നിവരാണ് മരിച്ചത്. ഉത്തർപ്രദേശിലെ ബാരാബങ്കി ജില്ലയിലുള്ള പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്.
ലക്നോവിൽ നിന്ന് ഗാസിപൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുവാഹനങ്ങളിൽ, മുന്നിൽ പോവുകയായിരുന്ന പിക്കപ്പ് വാനിന് പിന്നിലേക്ക് ആംബുലൻസ് ഇടിച്ചുകയറുകയായിരുന്നു. പ്രാഥമിക വിവരമനുസരിച്ച്, അബ്ദുൾ ഹഖിന്റെ മകൻ അസീസുൽ ഹഖിന്റെ മൃതദേഹവുമായി ബന്ധുക്കൾ ജയ്പൂരിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് പോവുകയായിരുന്നു. മരിച്ചവരിൽ അസീസുൽ ഹഖിന്റെ സഹോദരൻ അമിനുൽ ഹഖും ഉൾപ്പെടുന്നു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്റെ മുൻഭാഗം പൂർണമായും തകരുകയും യാത്രക്കാർ ഉള്ളിൽ കുടുങ്ങുകയും ചെയ്തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് ആംബുലൻസിന്റെ വാതിലുകൾ തകർത്താണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. അപകടത്തിന് പിന്നാലെ പിക്കപ്പ് വാൻ ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായാണ് വിവരം. സംഭവത്തിൽ പൊലിസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.




