പത്മജക്കെതിരെ 19 ചോദ്യ ശരങ്ങളുമായി ജിന്റോ ജോണ്‍

കൊച്ചി : പത്മജ വേണു ഗോപാലിന്റെ കോണ്‍ഗ്രസിലേക്കുള്ള മടങ്ങിവരവിനിടെ ചോദ്യ ശരങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്റോ ജോണ്‍. തുറന്നിട്ട വാതില്‍പ്പടിയിലേക്ക് കാലെടുത്തുവയ്ക്കും മുന്‍പേ തിരുത്തി പറയേണ്ട ചില രാഷ്ട്രീയ പ്രശ്‌നങ്ങളുണ്ടെന്ന ആമുഖത്തോടെ തുടങ്ങുന്ന 19 ചോദ്യങ്ങളാണ് ജിന്റോ ജോണ്‍ ഫേസ്ബുക്ക് പങ്കുവെച്ചത്. കെ കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ തനിക്ക് മുന്‍പ് ബിജെപി ആയേനെ എന്നത് മുതല്‍ ലൗജിഹാദ്, ഷാഫി പറമ്പിലിന്റെ വര്‍ഗീയത, കോണ്‍ഗ്രസിനുള്ളിലെ സ്ത്രീ സുരക്ഷ,അധികാര മോഹം, മുരളീധനുമായുള്ള ബന്ധം, മോദി ഭക്തി, രാഷ്ട്രീയ നിലപാടില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ നേരത്തെ നടത്തിയ പരാമര്‍ശങ്ങള്‍ ഉദ്ദരിച്ചുകൊണ്ടാണ് ജിന്റോ ജോണ്‍ ചോദ്യങ്ങളുന്നയിക്കുന്നത്.
അതോടൊപ്പം, ഇത്തരക്കാരെ പാര്‍ട്ടിയില്‍ തിരികെയെടുക്കുമ്പോള്‍ പാലിക്കേണ്ട മിനിമം മര്യാദകളും പൊതുപ്രവര്‍ത്തകരുടെ വികാരവുമെല്ലാം കൂടിച്ചേര്‍ന്നതാണ് ജിന്റോയുടെ പോസ്റ്റ്.
താമരകളുടെ കായിക വിനോദങ്ങള്‍ക്കുള്ള തുറസ്സായ ഗ്രൗണ്ട് മാത്രമല്ല കോണ്‍ഗ്രസ്. അവരുടെ ചാട്ടങ്ങളില്‍ മുറിപ്പെട്ടിട്ടും ആത്മാഭിമാനത്തോടെ പോരാടി നിന്ന മനുഷ്യരുടെ മുറിവുണക്കിയിട്ട് വേണം അധികാര ആസ്വാദകര്‍ക്ക് പന്തലൊരുക്കാന്‍ എന്ന് കൂടി കൂട്ടിച്ചേര്‍ത്താണ് കുറിപ്പ് തുടങ്ങുന്നത്.




