Uncategorized

പടക്കങ്ങള്‍ ഉണ്ടാക്കുന്ന ആരോഗ്യ ഭീഷണിക്ക് മതസ്വാതന്ത്ര്യത്തിന്റെ പേരിൽ സംരക്ഷണം നൽകാനാകില്ലെന്ന് ഹൈക്കോടതി

മുംബൈയിൽ ആളുകൾക്ക് ഇനി പടക്കം പൊട്ടിക്കാൻ അനുവാദമുണ്ടാകില്ലേ? പടക്കങ്ങൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തുന്ന കാര്യം ഗൗരവമായി പരിഗണിക്കുകയാണ് ബോംബെ ഹൈക്കോടതി. ദീപാവലി ആഘോഷത്തിനിടെ വായുമലിനീകരണവും ശബ്ദമലിനീകരണവും രൂക്ഷമായതോടെയാണ് കോടതിയുടെ കടുത്ത ഇടപെടൽ. നിയമങ്ങളും സമയപരിധികളും ലംഘിച്ച് പടക്കം പൊട്ടിക്കുന്നവരുടെ മനോഭാവം മാറാൻ പോകുന്നില്ലെന്നും അതിനാൽ കടുത്ത നടപടികൾ അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു.

മുംബൈ നഗരത്തിൽ പടക്കങ്ങൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തുന്നതാണ് ഏക പരിഹാരമെന്ന നിലപാടിലേക്കാണ് കോടതി എത്തുന്നത്. എന്നാൽ, മറ്റ് രാജ്യങ്ങളിലേതുപോലെ നിശ്ചിത സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്ന വെടിക്കെട്ടുകൾക്ക് അനുമതി നൽകുന്ന കാര്യം പരിഗണിക്കുന്നുണ്ട്. ദീപാവലി സമയത്ത് മുംബൈയിൽ വായുഗുണനിലവാരം ഏറ്റവും മോശമായ നിലയിലെത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി. അതുപോലെ തന്നെ പടക്കങ്ങൾ മൂലമുണ്ടാകുന്ന തീപിടിത്തങ്ങളും ആശങ്കയുണ്ടാക്കുന്നതാണ്. ദീപാവലി സമയത്ത് നഗരത്തിൽ 332 തീപിടിത്തങ്ങൾ ഉണ്ടായെന്ന റിപ്പോർട്ടുകളും കോടതി പരാമർശിച്ചു.പൊതുസ്ഥലങ്ങളിലും റോഡുകളിലും പടക്കം പൊട്ടിക്കുന്നതിന് പൂർണ നിരോധനം ഈ വർഷം മുഴുവൻ ബാധകമാണെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. ആളുകൾ പുലർച്ചെ മൂന്ന് മണിവരെ പടക്കങ്ങൾ പൊട്ടിക്കുകയും വലിയ തോതിൽ ശബ്ദമലിനീകരണം ഉണ്ടാക്കുന്നു. പൊലീസും നഗരസഭാ അധികൃതരും പരമാവധി ശ്രമിച്ചിട്ടും ഇത് നിയന്ത്രിക്കാനാകുന്നില്ലെന്നും, ജനങ്ങളുടെ മനോഭാവം മാറാൻ പോകുന്നില്ലെന്നും അതുകൊണ്ട് ഇനി കടുത്ത നടപടികൾ എടുക്കും എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

വെടിക്കെട്ടുകളുടെ പേരിൽ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയുണ്ടാക്കുന്ന നടപടികൾക്ക് മതസ്വാതന്ത്ര്യത്തിന്റെ പേരിൽ സംരക്ഷണം നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, നിരോധനം നടപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. നവംബർ 4 മുതൽ 13 വരെ മുംബൈ പൊലീസ് 491 കേസുകൾ രജിസ്റ്റർ ചെയ്യുകയും 21 ലക്ഷം രൂപ വിലമതിക്കുന്ന പടക്കങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മുംബൈ നഗരത്തിൽ മാത്രമല്ല, മഹാരാഷ്ട്രയിലുടനീളം ബാധകമാകുന്ന ഉത്തരവ് പുറപ്പെടുവിക്കുന്ന കാര്യവും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഹർജികളിൽ വാദം പൂർത്തിയാക്കിയ കോടതി ഉത്തരവ് പറയാനായി മാറ്റിവെച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button