ഖത്തറിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് കർശന നിയന്ത്രണം; രജിസ്ട്രേഷനും നമ്പർ പ്ലേറ്റും നിർബന്ധമാക്കി

ഖത്തറിൽ ഇലക്ട്രിക് സ്കൂട്ടറുകളുടെ (ഇ-സ്കൂട്ടർ) ഉപയോഗം സുരക്ഷിതമാക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി പുതിയ ഗതാഗത നിയമം പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം. പുതിയ നിയമപ്രകാരം ഇലക്ട്രിക് സ്കൂട്ടറുകൾക്കും സമാനമായ ചെറുവാഹനങ്ങൾക്കും ഇനി മുതൽ രജിസ്ട്രേഷനും നമ്പർ പ്ലേറ്റും നിർബന്ധമാണ്. നിശ്ചിത ഫീസ് അടച്ച് ലൈസൻസിങ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത ശേഷം ലഭിക്കുന്ന നമ്പർ പ്ലേറ്റ് വാഹനത്തിൽ ഘടിപ്പിക്കണമെന്നാണ് പുതിയ ചട്ടം. പ്ലേറ്റുകളുടെ നിറം, ആകൃതി, ഫീസ് നിരക്കുകൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പിന്നീട് പ്രഖ്യാപിക്കും.
റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും യാത്രക്കാരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനുമായാണ് ഈ സുപ്രധാന മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ഉടമയുടെ പേരിലോ മറ്റ് വ്യക്തിഗത വിവരങ്ങളിലോ മാറ്റമുണ്ടായാൽ 10 ദിവസത്തിനുള്ളിൽ അതോറിറ്റിയെ അറിയിക്കണം. പ്രത്യേക സൈക്കിൾ പാതകളുള്ള ഇടങ്ങളിൽ ഇ-സ്കൂട്ടറുകൾ പ്രധാന റോഡിലേക്ക് ഇറക്കാൻ പാടില്ല. പാതകളില്ലാത്ത റോഡുകളിൽ വലതുവശം ചേർന്ന് ഒന്നിന് പുറകെ ഒന്നായി മാത്രമേ സഞ്ചരിക്കാവൂ.
യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി കർശനമായ മറ്റ് നിർദ്ദേശങ്ങളും പുതിയ നിയമത്തിലുണ്ട്. സൈക്കിളുകളിലും ഇ-സ്കൂട്ടറുകളിലും യാത്ര ചെയ്യുന്നവർ നിർബന്ധമായും ഹെൽമറ്റ് ധരിച്ചിരിക്കണം. പ്രത്യേക സീറ്റുകൾ ഇല്ലാത്ത വാഹനങ്ങളിൽ പിറകിൽ മറ്റൊരാളെ കയറ്റി യാത്ര ചെയ്യാൻ പാടില്ല. കൈകൊണ്ട് സിഗ്നൽ കാണിക്കുമ്പോഴല്ലാതെ ഹാൻഡിൽബാറിൽ നിന്ന് കൈ വിട്ട് വാഹനം ഓടിക്കുന്നതും മുൻചക്രം ഉയർത്തിയുള്ള അഭ്യാസപ്രകടനങ്ങളും, ഓടിക്കൊണ്ടിരിക്കുന്ന മറ്റ് വാഹനങ്ങളിൽ പിടിച്ചുനിൽക്കുന്നതും നിയമവിരുദ്ധമാണ്.
ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന രീതിയിൽ അമിതമായി സാധനങ്ങൾ കയറ്റി പോകുന്നതിനും നിരോധനമുണ്ട്. പുതിയ നിയമത്തിലെ വ്യവസ്ഥകൾ സ്വദേശികൾക്കും പ്രവാസികൾക്കും എളുപ്പത്തിൽ മനസ്സിലാക്കുന്നതിനായി വിവിധ ഭാഷകളിലുള്ള മാർഗ്ഗനിർദ്ദേശങ്ങളും ബോധവൽക്കരണ വീഡിയോകളും ഉടൻ പുറത്തിറക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.



