കൊച്ചിയിൽ വീണ്ടും കർശന നിയന്ത്രണങ്ങളുമായി പൊലീസ്; പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി; നീക്കം അയ്യപ്പഭക്തരുടെ സുരക്ഷയ്ക്ക്

കൊച്ചി: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ സുരക്ഷയും സുഗമമായ യാത്രയും ഉറപ്പാക്കുന്നതിനായി കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്രത്യേക ഫെസിലിറ്റേഷൻ സെന്റർ (പോലീസ് എയ്ഡ് പോസ്റ്റ്) പ്രവർത്തനം ആരംഭിച്ചു.
തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക ഗതാഗത ക്രമീകരണങ്ങളാണ് നടപ്പാക്കിയിരിക്കുന്നത്. ശബരിമലയിലേക്ക് പോകുന്ന ഭക്തർ സൗത്ത് റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറ് (പ്രധാന) കവാടത്തിലൂടെ പുറത്തിറങ്ങി പ്രത്യേക കെ.എസ്.ആർ.ടി.സി, ടാക്സി സർവീസുകൾ ഉപയോഗിക്കണം. എന്നാൽ, തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയെത്തുന്ന വാഹനങ്ങൾ കർഷക റോഡ് വഴി സഞ്ചരിച്ച് കിഴക്കേ കവാടത്തിന് മുന്നിലാണ് ഭക്തരെ ഇറക്കേണ്ടത്.
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി എറണാകുളം ഗേൾസ് ഹൈസ്കൂൾ മുതൽ സൗത്ത് റെയിൽവേ സ്റ്റേഷൻ കവാടം വരെയുള്ള ഭാഗത്ത് പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചു. എറണാകുളം നോർത്ത് സ്റ്റേഷനിലെ പരിമിതമായ പാർക്കിംഗ് സൗകര്യം കണക്കിലെടുത്ത് ഓട്ടോറിക്ഷ പാത ആവശ്യാനുസരണം വൺവേ ആയി ക്രമീകരിക്കുമെന്നും പോലീസ് അറിയിച്ചു. മോഷണവും മറ്റ് കുറ്റകൃത്യങ്ങളും തടയുന്നതിനായി 25ലധികം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനൊപ്പം പ്രധാന ജംഗ്ഷനുകളിലും പ്ലാറ്റ്ഫോമുകളിലും 24 മണിക്കൂറും സിസിടിവി നിരീക്ഷണം ശക്തമാക്കും. തീപിടുത്ത സാധ്യത ഒഴിവാക്കാൻ സ്റ്റേഷൻ പരിസരത്തും പ്ലാറ്റ്ഫോമുകളിലും ഗ്യാസ് സ്റ്റൗവോ അടുപ്പുകളോ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നതും ചൂടാക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. പൂജാദ്രവ്യങ്ങളും മാലിന്യങ്ങളും നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാത്രമേ നിക്ഷേപിക്കാവൂ എന്നും നിർദ്ദേശമുണ്ട്.




