ദമ്പതികളെ രണ്ടിടങ്ങളിലായി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, ഭർത്താവ് ധരിച്ചിരുന്നത് ഭാര്യയുടെ ചുരിദാർ

ലഖ്നൌ: ഉത്തർപ്രദേശിലെ ബിജ്നോറിൽ ഭാര്യയെയും ഭർത്താവിനെയും രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് ഛോട്ടൂവിന്റെ മൃതദേഹം കണ്ടെത്തിയതെങ്കിൽ ഗംഗാ നദിക്കരയിലാണ് ഭാര്യ സുഷമയുടെ മൃതദേഹം കണ്ടത്. തിങ്കളാഴ്ച മുതൽ ഇരുവരെയും കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് തെരച്ചിൽ നടത്തി വരികയായിരുന്നു.
കനത്ത മഴയും മോശം കാഴ്ചപരിധിയും കാരണം തിങ്കളാഴ്ച രാത്രി നിർത്തിവെച്ച തിരച്ചിൽ ചൊവ്വാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്. തുടർന്ന് ഗംഗാ നദിക്കരയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടതായി പൊലീസിന് വിവരം ലഭിച്ചു. മൃതദേഹം സുഷമയുടേതാണെന്ന് സ്ഥിരീകരിച്ചു. സമീപത്തെ കാട്ടിൽ നടത്തിയ തെരച്ചിലിൽ ആണ് ഭർത്താവ് ഛോട്ടൂവിനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്ന വിവരങ്ങളാണ് പ്രാഥമിക അന്വേഷണത്തിൽ പുറത്തുവന്നത്. ഭാര്യയുടെ ചുരിദാർ ധരിച്ച നിലയിലാണ് ഛോട്ടൂവിന്റെ മൃതദേഹം കാണപ്പെട്ടത്.
ദമ്പതികൾ തമ്മിൽ എന്തെങ്കിലും തർക്കമുണ്ടായിരുന്നോ അതോ മറ്റെന്തെങ്കിലും ബാഹ്യ ഇടപെടലുകൾ നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഫോറൻസിക് സംഘം സ്ഥലത്തെത്തി രണ്ട് കേന്ദ്രങ്ങളിൽ നിന്നും തെളിവുകൾ ശേഖരിച്ചു. മരണ കാരണം വ്യക്തമാകുന്നതിനായി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വരുന്നതോടെ മരണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് വ്യക്തമാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ മുനിരാജ് ചൊവ്വാഴ്ച വൈകുന്നേരം സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണ പുരോഗതി വിലയിരുത്തി. തെളിവെടുപ്പ് നടത്തിയ ഉദ്യോഗസ്ഥരിൽ നിന്ന് അദ്ദേഹം വിവരങ്ങൾ ശേഖരിക്കുകയും തുടരന്വേഷണത്തിനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു



