ഇൻഫ്ലുവൻസറെ കാണാനെത്തിയ യുവാവിനെ തല്ലിക്കൊന്നു, രണ്ടുപേർ അറസ്റ്റിൽ

ന്യൂഡൽഹി: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതിയെ നേരിൽ കാണാനായി ചെന്നൈയിൽ നിന്ന് ഡൽഹിയിലെത്തിയ യുവാവ് ബന്ധുക്കളുടെയും അയൽവാസികളുടെയും മർദനമേറ്റ് മരിച്ചു. കിഴക്കൻ ഡൽഹിയിലെ മധു വിഹാറിൽ നടന്ന സംഭവത്തിൽ യുവതിയുടെ പിതാവിനെയും ഒരു അയൽവാസിയെയും പൊലിസ് അറസ്റ്റ് ചെയ്തു. ദിവസങ്ങൾക്ക് ശേഷമാണ് മരണവിവരം പുറത്തറിയുന്നത്.
വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലായി 29 ലക്ഷത്തിലധികം സബ്സ്ക്രൈബർമാരുള്ള യുവതിയുടെ വീഡിയോകൾ സ്ഥിരമായി ലൈക്ക് ചെയ്തിരുന്ന യുവാവിന് യുവതിയോട് ആരാധനയും പ്രണയവും തോന്നിയിരുന്നു. തുടർന്നാണ് ഇയാൾ ചെന്നൈയിലെ സ്വകാര്യ കമ്പനിയിലെ ജോലിത്തിരക്കുകൾക്കിടയിൽ നിന്ന് യുവതിയെ കാണാനായി ഡൽഹിയിലേക്ക് എത്തിയത്.
യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കാൻ യുവാവ് ശ്രമിച്ചതോടെ കുടുംബാംഗങ്ങളും അയൽവാസികളും ചേർന്ന് തടയുകയും പിന്നീട് മർദിക്കുകയുമായിരുന്നു എന്ന് പോലിസ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആദ്യം ലാൽ ബഹദൂർ ശാസ്ത്രി ആശുപത്രിയിലും പിന്നീട് നില വഷളായതിനെ തുടർന്ന് ഗുരു തേജ് ബഹദൂർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യനിലയിൽ മാറ്റമില്ലാത്തതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ യുവതിയുടെ സഹോദരനും മറ്റ് അയൽവാസികൾക്കും പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മനപൂർവമല്ലാത്ത നരഹത്യയ്ക്കാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ചുവരികയാണെന്നും ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു.




