Uncategorized

ദുബായിൽ അനധികൃത പെട്രോളിയം വ്യാപാരത്തിനെതിരെ കർശന നടപടി; 19,252 വ്യാജ ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തു

ദുബായിൽ അനധികൃത പെട്രോളിയം ഉത്പ്പന്ന വ്യാപാരത്തിനും വ്യാജ ഗ്യാസ് സിലിണ്ടർ വിതരണത്തിനുമെതിരെ നടപടികൾ കർശനമാക്കി അധികൃതർ. നിയമലംഘനങ്ങൾ തടയുന്നതിനായി പ്രത്യേക ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം ആരംഭിക്കാനും സ്ഥിരം ഫീൽഡ് ഇൻസ്പെക്ഷൻ ടീമിനെ രൂപീകരിക്കാനും ദുബായ് റെഗുലേറ്ററി കമ്മിറ്റി ഫോർ പെട്രോളിയം പ്രോഡക്റ്റ്സ് തീരുമാനിച്ചു. ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി സെക്രട്ടറി ജനറലും സമിതി ചെയർമാനുമായ അഹമ്മദ് ബുട്ടി അൽ മുഹൈർബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്.

മേഖലയിലെ അനുമതി നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും സേവന കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി വികസിപ്പിക്കുന്ന പുതിയ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം ‘ദുബായ് 360’ സംവിധാനവുമായി സംയോജിപ്പിക്കും. 2027-ഓടെ ഡിജിറ്റൽ പരിവർത്തന പദ്ധതി പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇതിനുപുറമെ, വിപണിയിലെ നിയമലംഘനങ്ങൾ തത്സമയം കണ്ടെത്തുന്നതിനായി സ്ഥിരം ഫീൽഡ് ഇൻസ്പെക്ഷൻ ടീമിനെയും നിയോഗിക്കും.

2022 ജൂൺ മുതൽ അധികൃതർ നടത്തിയ സംയുക്ത പരിശോധനാ കാമ്പെയ്‌നുകളിൽ വ്യാജ ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഉപയോഗിച്ചിരുന്ന 275-ലധികം അനധികൃത കേന്ദ്രങ്ങളാണ് കണ്ടെത്തിയത്. ഈ പരിശോധനകളിലൂടെ ഇതുവരെ 19,252-ലധികം വ്യാജ ഗ്യാസ് സിലിണ്ടറുകളും ഇവ കടത്താൻ ഉപയോഗിച്ച 751 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.ഡീസൽ വ്യാപാര മേഖലയിലും അധികൃതർ പരിശോധന ശക്തമാക്കിയിട്ടുണ്ട്. റാസൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയയിലടക്കം നടത്തിയ മിന്നൽ പരിശോധനകളിൽ യുഎഇ സുരക്ഷാ-ഗുണനിലവാര മാനദണ്ഡങ്ങൾ ലംഘിച്ച 14 ഡീസൽ ടാങ്കറുകളാണ് പിടിച്ചെടുത്തത്. ദുബായിൽ സുരക്ഷിതവും സുസ്ഥിരവുമായ പെട്രോളിയം വ്യാപാര അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ ശക്തമാക്കുന്നതെന്ന് സമിതി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button