ചാല സ്വർണക്കവർച്ച; കുരുക്ക് മുറുകുന്നു, മാളവിക ജ്വല്ലറി ഉടമ ജയറാമിനെതിരെ 3 സാമ്പത്തിക തട്ടിപ്പ് കേസുകൾ

തിരുവനന്തപുരം: ചാലയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ മാളവിക ജ്വവല്ലറി ഉടമ ജയറാമിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസെടുത്ത് പൊലീസ്. മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സ്വര്‍ണം വാങ്ങിയശേഷം പണം നല്‍കാതെ ജയറാം തട്ടിപ്പ് നടത്തിയതായി പരാതി ലഭിച്ചു. ഇതുവരെ 40 ഓളം പരാതികളാണ് ജയറാമിനെതിരെ ലഭിച്ചിട്ടുള്ളത്. പരാതി ഉയരുന്നതോടെ പണം നല്കി കേസില്‍ നിന്ന് ഒഴിവാകുന്നതാണ് പതിവെന്നും പൊലീസ് പറഞ്ഞു.
ചാലയിലെ സ്വര്‍ണ കവര്‍ച്ച സാമ്പത്തിക നേട്ടത്തിനു വേണ്ടി മാത്രമുള്ള മോഷണമായിരുന്നില്ല, മറ്റൊരു വ്യവസായിയെയും അവരുടെ ബിസിനസിനെയും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടത്തിയതെന്നാണ് വ്യക്തമാവുന്നത്. അത് സംബന്ധിച്ച മൊഴികളാണ് ഇതുവരെ ലഭ്യമായിരിക്കുന്നത്.
സ്വര്‍ണം പലരില്‍ നിന്നായി വാങ്ങുകയും പണം തിരികെ കൊടുക്കാതിരിക്കുകയും ചെയ്യും. പണം ചോദിക്കുമ്പോള്‍ ഇവരെ കബളിപ്പിച്ച് പല കാര്യങ്ങളും പറഞ്ഞ് മടക്കി അയക്കും. പിന്നീട് പൊലീസില്‍ പരാതി നല്‍കുമെന്ന് മനസിലാവുമ്പോള്‍ പണം നല്കി കേസില്‍ നിന്ന് തടിയൂരുകയും ചെയ്യും. ഇത്തരം 40 ഓളം പരാതികളാണ് ജയറാമിനെതിരെ ഉയര്‍ന്നു വന്നിരിക്കുന്നത്. കവര്‍ച്ചയില്‍ കൂട്ടാളികളായ അമുലും അനൂപും അനിലും അടക്കമുള്ളവര്‍ പറയുന്നത് ജയറാമിന്റെ പ്ലാനനുസരിച്ചാണ് കവര്‍ച്ച നടത്തിയതെന്നാണ്. പനവിളയിലെ ആഢംബര ഹോട്ടലില്‍ മുറിയെടുത്തിരുന്നാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. തങ്ങളുടെ സ്ഥിരം കസ്റ്റമേഴ്സ് വരെ വൈഷ്ണവി ജ്വല്ലറിയിലേക്ക് പോകുന്നുവെന്നതിലെ വ്യാപാര വൈരാഗ്യമാണ് ഇതിനു പിന്നിലെ കാരണമായി കൂട്ടാളികള്‍ പറയുന്നത്. എന്നാല്‍ ജയറാമിത് സമ്മതിച്ചിട്ടില്ല. കവര്‍ച്ചയുടെ ഗൂഢാലോചനയില്‍ ജയറാമിന്റെ പങ്കില്‍ കൂടുതല്‍ തെളിവ് തേടുകയാണ് പൊലീസ്.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ചാല മാര്‍ക്കറ്റിലെ ജ്വല്ലറി ഉടമയില്‍ നിന്നും 250 പവന് സ്വര്‍ണം പിടിച്ചുപറിച്ച സംഭവമുണ്ടായത്. ബൈക്കിലെത്തിയ രണ്ട് പേരാണ് ഉടമയില്‍ നിന്ന് സ്വര്‍ണം അടങ്ങിയ ബാഗ് പിടിച്ചുപറിക്കുകയായിരുന്നു. മഹാരാഷ്ട്ര സ്വദേശി നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള വൈഷ്ണവി ജ്വല്ലറിയിലാണ് മോഷണമുണ്ടായത്. ജ്വല്ലറി ഉടമ രാത്രി കട പൂട്ടിയ ശേഷം വീട്ടിലേക്ക് പോകാനായി ഇറങ്ങവെയായിരുന്നു കവര്‍ച്ച. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബൈക്കിലെത്തിയ ആള് സ്വര്‍ണവുമായി കടന്നുകളയുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു. മറ്റൊരു ദൃശ്യത്തില്‍ രണ്ട് പേര് ഈ ബൈക്കില്‍ പോകുന്നതും കാണാം. സംഭവത്തില്‍ കവര്‍ച്ച ചെയ്ത സ്വര്‍ണം ആളൊഴിച്ച പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയിരുന്നു.




