അഹമ്മദാബാദുമായി ഇരട്ട നഗര പദ്ധതി; സാമ്പത്തികമായി നേട്ടമുണ്ടാക്കില്ല, കൃത്യമായ അഴിമതിയാണെന്ന് എസ് പി ദീപക്

വികസനമെന്ന പേരിൽ തിരുവനന്തപുരം നഗരസഭ കൊണ്ടുവന്ന ഇരട്ട നഗരപദ്ധതി കൃത്യമായ അഴിമതിയാണെന്ന് നഗരസഭ എൽഡിഎഫ് പാർലിമെന്ററി പാർട്ടി ലീഡർ അഡ്വ. എസ് പി ദീപക്. പ്രതിപക്ഷ അംഗങ്ങൾ പ്ലാകാർഡ് ഉയർത്തി നഗരസഭയിൽ പ്രതിഷേധിക്കുകയും ചെയ്തു.
ഫ്ലമി എബ്രഹാം എന്ന വ്യക്തി ഗുജറാത്തിലേക്ക് പോയ മേയർ വി വി രാജേഷിനോടൊപ്പമുണ്ടായിരുന്നുവെന്നും ഇയാൾ ഒരു പവർ ബ്രോക്കറാണെന്നും എസ് പി ദീപക് വ്യക്തമാക്കി.ഇരട്ട നഗര പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ഇതോടെ തന്നെ പുറത്തായെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നഗരത്തിന് സാമ്പത്തികമായോ അടിസ്ഥാനപരമായോ സാങ്കേതികപരമായ യാതൊരു നേട്ടവും ഉണ്ടാക്കില്ലെന്നും മികച്ച യൂണിവേഴ്സിറ്റികളും ടെക്നോപാർക്കുകളും ഉള്ള നഗരമാണ് തിരുവനന്തപുരമെന്നും എസ് പി ദീപക് ഉന്നയിച്ചു. അഹമ്മദാബാദിനേക്കാളും മികച്ച സൗകര്യങ്ങൾ ഉള്ള തിരുവനന്തപുരത്തിന് ഈ കരാറിലൂടെ എന്ത് നേട്ടം ഉണ്ടാകുമെന്നും അദ്ദേഹം ചോദിച്ചു.
തിരുവനന്തപുരം മേയർ വി. വി. രാജേഷിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം അഹമ്മദാബാദ് സന്ദർശിച്ച് അവിടത്തെ മേയർ ഹിതേഷ് ബാരോട്ട്, മുൻസിപ്പൽ കമ്മീഷണർ ബൻഛാനിധി പാനി എന്നിവരുമായി ചർച്ച നടത്തി ധാരണാപത്രത്തിൽ ഒപ്പുവയ്ക്കുകയായിരുന്നു. ഈ പ്രഖ്യാപനത്തോടെ അഹമ്മദാബാദ് കോർപ്പറേഷന് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ വികസന പദ്ധതികൾക്കായി നിക്ഷേപം നടത്താനാകുമെന്നാണ് ബിജെപിയുടെ വാദം.




