Uncategorized

ഭാര്യയാണെന്ന് പറഞ്ഞ് വാടക വീടെടുത്തു, യുവതിയുടെ 2 വയസുള്ള മകളെ സുഹൃത്ത് തറയിലടിച്ച് കൊലപ്പെടുത്തി; യുവാവ് പിടിയിൽ

മാവേലിക്കര: മാങ്കാംകുഴിയിൽ രണ്ടുവയസുകാരിയെ മദ്യലഹരിയിൽ നിലത്തടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയുടെ സുഹൃത്തിനെ കുറത്തികാട് പൊലീസ് കസ്റ്റഡിയിലെടുത്തു. അസം ഗുവാഹത്തി സ്വദേശി പരിതോഷ് മണ്ടേലിനെയാണ് (27) പൊലീസ് പിടികൂടിയത്. അസം സ്വദേശിനിയായ റോണ്ട് വാലിയുടെ മകൾ ദീപികയാണ് കൊല്ലപ്പെട്ടത്. മാങ്കാംകുഴി കല്ലുവിള മുക്കിന് സമീപം സജിതാലയം വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇവർ. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിക്ക് ശേഷമാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. മദ്യപിച്ചെത്തിയ പരിതോഷ് വീട്ടിൽ വഴക്കുണ്ടാക്കുകയും തുടർന്ന് യുവതിയുടെ മടിയിലിരുന്ന ദീപികയെ പിടിച്ചുവാങ്ങി നിലത്തേക്ക് എറിയുകയും മുഖം തറയിലടിക്കുകയുമായിരുന്നു. യുവതിയുടെ മൂത്ത മകളായ അഞ്ചുവയസുകാരി ലുധികയെയും ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചു.

ഗുരുതരമായി പരിക്കേറ്റ ദീപികയെ പ്രതിയും അമ്മയും ചേർന്ന് ആദ്യം മാങ്കാംകുഴിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മാവേലിക്കര ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ ശരീരത്തിലെ മുറിവുകളും പാടുകളും കണ്ട് സംശയം തോന്നിയ ജില്ലാ ആശുപത്രിയിലെ ഡോക്ടർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഇരുവരെയും സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. ഏഴ് വർഷമായി കേരളത്തിൽ കെട്ടിട നിർമാണ തൊഴിലാളിയായ പരിതോഷ്, രണ്ടാഴ്ച മുമ്പാണ് മാങ്കാംകുഴിയിൽ വീട് വാടകയ്ക്കെടുത്തത്. ഭാര്യയും മക്കളുമാണെന്ന് വീട്ടുടമയെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ യുവതിയെയും മക്കളെയും താമസിപ്പിച്ചിരുന്നത്. പ്രതിക്ക് അസമിൽ ഭാര്യയും മക്കളുമുണ്ടെന്നും യുവതിയോടുള്ള അടുപ്പത്തെത്തുടർന്ന് ഇവരെ നാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

പൊലീസ് സംഘവും ആലപ്പുഴ ഫോറൻസിക് വിഭാഗത്തിലെ ഹരിപ്രശാന്ത്, രണധീർ, വിരലടയാള വിദഗ്ധൻ അപ്പുക്കുട്ടൻ എന്നിവരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. വീടിനുള്ളിലെ തറയിലും സമീപത്തുണ്ടായിരുന്ന കുപ്പിയിലും കുട്ടിയുടെ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. മുറിയിൽ നിന്ന് മദ്യക്കുപ്പികളും പൊലീസ് കണ്ടെടുത്തു. കുട്ടിയുടെ മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. യുവതിയെയും അഞ്ചുവയസുകാരിയായ മകളെയും സംരക്ഷണത്തിനായി മഹിളാ മന്ദിരത്തിലേക്ക് മാറ്റും. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മാവേലിക്കര കോടതിയിൽ ഹാജരാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button