അമിത വേഗത്തിൽ കണ്ടെയ്നർ ട്രെക്കിലേക്ക് ഇടിച്ച് കയറി മിനിബസ്, അസമിലെ കാസിരംഗയിൽ 24 മരണം, നിരവധിപ്പേർക്ക് പരിക്ക്

കാസിരംഗ: അസമിലെ കാസിരംഗയിൽ മിനിബസും ട്രെക്കും കൂട്ടിയിടിച്ച് 24 മരണം. നിരവധിപ്പേർക്ക് പരിക്കേറ്റു. ബോകാഘട്ടിൽ നിന്ന നാഗോണിലേക്ക് പോവുകയായിരുന്ന മിനി ബസ് ട്രെക്കിലേക്ക് ഇടിച്ച് കയറിയാണ് അപകടം. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാസിരംഗയ്ക്ക് സമീപമുള്ള റോംഗാജനിൽ വച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ സാരമായി കേടുപാടുകൾ സംഭവിച്ച് തലകീഴായി മറിഞ്ഞ ട്രെക്കിൽ നിന്ന് ഏറെ പാടുപെട്ടാണ് പ്രദേശവാസികൾ യാത്രക്കാരെ പുറത്തെടുത്തത്.
അപകടമുണ്ടായ മേഖലയിൽ അമിത വേഗതയിലായിരുന്നു ബസ് പോയിരുന്നത്. അപകടത്തിന്റെ തോത് ഞെട്ടലുണ്ടാക്കിയെന്നും എങ്കിലും നിലവിലെ പ്രഥമ പരിഗണന പരിക്കേറ്റവർക്ക് ഒട്ടും വൈകാതെ ചികിത്സ എത്തിക്കാൻ ആണെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എക്സിലെ കുറിപ്പിൽ വിശദമാക്കിയത്. മിനിബസിന് ഇതിന് മുൻപും നിയമ ലംഘനത്തിന് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും ബസിൽ അനുവദനീയമായതിലും കൂടുതൽ യാത്രക്കാർ ഉണ്ടായിരുന്നതായാണ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.




