Uncategorized

ഹലോവീന്‍ പാര്‍ട്ടിക്കിടെ ലൈംഗികാതിക്രമം: റിസോര്‍ട്ടിലെ ലഹരി ഉപയോഗവും അന്വേഷണത്തില്‍

കൊച്ചി: ഹലോവീന്‍ പാര്‍ട്ടിക്കിടെ 15കാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ ആലുവയിലെ റിസോര്‍ട്ടിലെ ലഹരി ഉപയോഗത്തിലും അന്വേഷണം. പാര്‍ട്ടിയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ലഹരിവസ്തുക്കള്‍ വിതരണം ചെയ്തിരുന്നോ, റിസോര്‍ട്ട് അധികൃതരുടെ അറിവോടെയാണോ പരിപാടി നടന്നത് തുടങ്ങിയ കാര്യങ്ങളില്‍ പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചു.

എന്നാല്‍ പീഡനം നടന്നതായി തങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ല എന്നാണ് റിസോര്‍ട്ട് അധികൃതരുടെ വിശദീകരണം. ഒക്ടോബര്‍ 31ന് ആയിരുന്നു റിസോര്‍ട്ടില്‍ ഹലോവീന്‍ പാര്‍ട്ടി നടന്നത്. 15കാരിക്ക് നേരെ നടന്ന അതിക്രമത്തില്‍ കടവന്ത്ര സ്വദേശിയായ അലക്‌സ് (20) എന്ന യുവാവിനെ പോക്‌സോ നിയമപ്രകാരം ആലുവ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടികള്‍ മാത്രമാണ് പങ്കെടുക്കുന്നതെന്നു പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ അനുമതി വാങ്ങിയത്. എന്നാല്‍ പാര്‍ട്ടിയില്‍ മറ്റ് യുവാക്കളും ഉണ്ടായിരുന്നതായാണ് വിവരം. മറ്റൊരു പെണ്‍കുട്ടിയുടെ പിതാവ് മുന്‍കൂട്ടി അറിയിക്കാതെ റിസോര്‍ട്ടില്‍ എത്തിയതോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.

പാര്‍ട്ടിയില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം നടക്കുന്നതായി സംശയം തോന്നിയ ഇദ്ദേഹം വിവരം പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ റിസോര്‍ട്ടിലെത്തി കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.

ഉന്നത സാമ്പത്തിക-സാമൂഹിക പശ്ചാത്തലമുള്ളവരുടെ മക്കളടക്കം നിരവധി പേര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതായാണ് സൂചന. സംഭവം പുറത്തറിയാതിരിക്കാന്‍ ആദ്യ ഘട്ടത്തില്‍ ആരും പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് പീഡനം സംബന്ധിച്ച് പരാതി ലഭിച്ചതോടെ പൊലിസ് നടപടി സ്വീകരിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button