സംസ്ഥാനത്തിന് 903 കോടിയുടെ നഷ്ടം;GNA കരാറിനെതിരെ KSEB കൊമേഴ്സൽ & താരിഫ് ചീഫ് എഞ്ചിനിയറുടെ റിപ്പോർട്ടും പുറത്ത്

തിരുവനന്തപുരം: എം ജി രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ടിന് പുറമേ ജിഎന്‍എ കരാറില്‍ നഷ്ടമെന്ന് വ്യക്തമാക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി ഉണ്ടായിരുന്നെന്ന വിവരം പുറത്ത്. 903 കോടി നഷ്ടമെന്നാണ് കെഎസ്ഇബി കൊമേഴ്സല്‍ ആന്‍ഡ് താരിഫ് ചീഫ് എഞ്ചിനിയര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 24 മണിക്കൂര്‍ വൈദ്യുതി തരുന്ന ജിഎന്‍എയില്‍ നിന്ന് വാങ്ങാതെ ഹിമാചല്‍ കമ്പനിയില്‍ നിന്ന് ആവശ്യ സമയത്ത് മാത്രം വാങ്ങിയാല്‍ 461 കോടി ലാഭിക്കാം എന്നായിരുന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. ജിഎന്‍എയില്‍ നിന്നാണ് വൈദ്യുതി വാങ്ങുന്നതെങ്കില്‍ പീക്ക് സമയത്ത് 442.21 കോടിയുടെ വൈദ്യുതി അധികമായും വാങ്ങേണ്ടി വരും. ജിഎന്‍എ പ്ലാറ്റ്ഫോമിന് വൈദ്യുതി വില്‍ക്കാനുള്ള കേന്ദ്ര വൈദ്യുതി നിയന്ത്രണ കമ്മീഷന്റെ അംഗീകാരമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ഹിമാചല്‍പ്രദേശില്‍ നിന്ന് വൈദ്യുതി വാങ്ങണമെന്ന റിപ്പോര്‍ട്ട് എം ജി രാജമാണിക്യം സര്‍ക്കാരിന് നല്‍കിയത്.
ജിഎന്‍എയുടെ ഒടിപി പ്ലാറ്റ് ഫോമിന് കേന്ദ്ര വൈദ്യുതി കമ്മീഷന്റെ അനുമതി ഇല്ലെന്നുള്ള വിവരമാണ് ഏറ്റവും ഗൗരവം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രതിസന്ധി ഉണ്ടായപ്പോള്‍ ഈ ഒടിപി പ്ലാറ്റ്‌ഫോമില്‍ നിന്ന് വൈദ്യുതി വാങ്ങാനാകുമോ എന്ന് തിരക്കിയപ്പോള്‍ റഗുലേറ്ററി അതോറിറ്റി അവരില്‍ നിന്ന് വാങ്ങാനാകില്ലെന്ന് നിലപാടെടുത്തിരുന്നു. ഇത്തരത്തില്‍ ഗൗരവമായ ഒരു കണ്ടെത്തല്‍ നിലനിലല്‍ക്കുന്നതിനാല്‍ തന്നെ സാധാരണഗതിയില്‍ ഈ കാരറുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് അപ്പോള്‍ തന്നെ സര്‍ക്കാര്‍ പിന്നോട്ട് പോകേണ്ടതായിരുന്നു എന്നാണ് വിമര്‍ശനം ഉയരുന്നത്. ഹമാചല്‍ പ്രദേശില്‍ നിന്ന് അഞ്ച് മാസത്തേക്ക് വൈദ്യുതി വാങ്ങുകയാണെങ്കില്‍ ചെലവ് 1105 കോടി രൂപയാണ്. ജിഎന്‍എയില്‍ നിന്നാണ് അത് വാങ്ങുന്നതെങ്കില്‍ അതിന് 1566 കോടി രൂപ വേണം. ഇത് തമ്മിലുള്ള വ്യത്യാസമാണ് 461 കോടി രൂപയെന്ന് പ്രസ്തുത റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ഹിമാചലില്‍ നിന്നാണെങ്കില്‍ പീക്ക് സമയത്ത് മാത്രം വൈദ്യുതി വാങ്ങിയാല്‍ മതിയാകും. എന്നാല്‍ ജിഎന്‍എയില്‍ നിന്ന് മുഴുവന്‍ സമയവും വാങ്ങേണ്ടി വരും.
ഹിമാചലില്‍ നിന്നുള്ള വൈദ്യുതി ആണെങ്കില്‍ പിന്നീട് മറ്റെവിടെ നിന്നും സംസ്ഥാനം വൈദ്യുതി വാങ്ങേണ്ടി വരില്ല എന്നതും ഗുണമാണ്. എന്നാല്‍ ജിഎന്‍എയില്‍ നിന്ന് വൈദ്യുതി വാങ്ങുകയാണെങ്കില്‍ 442 കോടി രൂപയുടെ വൈദ്യുതി പീക്ക് സമയത്ത് പിന്നെയും വാങ്ങേണ്ടി വരും. ഈ കണക്ക് കൂടി കൂട്ടുമ്പോഴാണ് 903 കോടിയുടെ നഷ്ടം ജിഎന്‍എയില്‍ നിന്ന് വൈദ്യുതി വാങ്ങിയാല്‍ സംസ്ഥാനത്തിന് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നത്. താരിഫ് ആന്റ് കോമേഴ്‌സലാണ് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട സെക്ഷന്‍ കൈകാര്യം ചെയ്യുന്നത്. അതിലെ തന്നെ എക്‌സിക്യൂട്ടീവ് എഞ്ചിനിയറാണ് അന്നത്തെ സിഎംഡി ആയിരുന്ന എം ജി രാജമാണിക്യത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ഇതിന് പിന്നാലെയാണ് രാജമാണിക്യവും ജിഎന്‍എ കരാര്‍ സംസ്ഥാനത്തിന് വലിയ നഷ്ടമുണ്ടാക്കുമെന്ന് കാട്ടി റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഇതിനെ തുടര്‍ന്ന് വൈദ്യുതി മന്ത്രിയും സമാന നിലപാട് എടുത്തിരുന്നു.




