Uncategorized
മാളയിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് ഒന്നരലക്ഷം കവർന്നു

മാള: ആളില്ലാത്ത വീട് കുത്തിത്തുറന്ന് ഒന്നര ലക്ഷത്തോളം രൂപ മോഷ്ടിച്ചു. വലിയപറമ്പിൽ അറയ്ക്കൽവീട്ടിൽ അനൂപിന്റെ വീട്ടിലാണ് മോഷണം നടന്നത്. പണമുണ്ടായിരുന്ന അലമാരയിലെ ലോക്കറും ഡിവിആറും മോഷ്ടാവ് കടത്തിക്കൊണ്ടുപോയി.
വീടിന്റെ ഒരുവശത്തെ ഇരുമ്പുകൊണ്ടുള്ള വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തെത്തിയത്. സിസിടിവി കാമറ സ്പ്രേ പെയിന്റ് അടിച്ച് മറച്ചശേഷമാണ് മോഷണം നടത്തിയത്.
അനൂപിന്റെ പിതാവ് പുത്തൻവേലിക്കര സ്വദേശി ആന്റു തിങ്കളാഴ്ച രാവിലെ ഏഴോടെ വലിയപറമ്പിലെ വീട്ടിലെത്തിയപ്പോഴാണ് വാതിലുകൾ കുത്തിത്തുറന്ന നിലയിൽ കണ്ടത്. അനൂപും കുടുംബവും ദുബായിലാണ്. മാള പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.




