യുക്രെയ്‌നിൽ വീണ്ടും റഷ്യൻ മിസൈൽ ആക്രമണം; 5 മരണം, 23 പേർക്ക് പരുക്ക്

യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ ശക്തമായ മിസൈൽ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും കുറഞ്ഞത് 23 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ അപ്പാർമെന്റ് സമുച്ചയങ്ങളും വെയർഹൗസുകളും തകർന്നതായി യുക്രെയ്ൻ സ്റ്റേറ്റ് എമർജൻസി സർവീസ് വ്യക്തമാക്കി. കൂടാതെ, കുട്ടികളുടെ ആശുപത്രിയ്ക്ക് കേടുപാടുകൾ സംഭവിച്ചതായും നിർത്തിയിട്ടിരുന്ന നിരവധി കാറുകൾക്ക് തീ പിടിച്ചതായും കീവ് മേയർ വിറ്റാലി ക്ലിറ്റ്‌സ്‌കോ സ്ഥിരീകരിച്ചു.
തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കഴിഞ്ഞ നാലര വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുടെ മേലുള്ള സമ്മർദ്ദം ശക്തമാകുന്നതിനിടെയാണ് പുതിയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതിനിടെ, അനധികൃതമായി ഒരു ഡ്രോൺ തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ചതായി റൊമാനിയൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഗലാറ്റി നഗരത്തിന് ഏകദേശം 13 കിലോമീറ്റർ കിഴക്കായി റൊമാനിയൻ വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ച ഡ്രോൺ, ആളൊഴിഞ്ഞ പ്രദേശത്ത് തകർന്നു വീഴുകയായിരുന്നു. സംഭവത്തിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. യുക്രെയ്നുമായി തെക്കുകിഴക്കൻ അതിർത്തി പങ്കിടുന്ന പോളണ്ടും തങ്ങളുടെ വ്യോമാതിർത്തി സംരക്ഷിക്കുന്നതിനായി പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്.



